സിപിഐയെ വളഞ്ഞിട്ടാക്രമിച്ച് കേരളാ കോണ്‍ഗ്രസ്-എം നേതാക്കള്‍

കോട്ടയം: കേരളാ കോണ്‍ഗ്രസ്-എമ്മിന്റെ ഇടതു മുന്നണി പ്രവേശനത്തിനു കരിനിഴല്‍ വീഴ്ത്തുന്ന സിപിഐയെ വളഞ്ഞുവച്ച് ആക്രമിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ രംഗത്ത്. സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കേരളാ കോണ്‍ഗ്രസ്സിനെതിരേ തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് കേരളാ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതാക്കള്‍ ഒന്നടങ്കം കടുത്ത ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
പൊന്തന്‍പുഴയിലെ 7000 ഏക്കര്‍ വനഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചുനല്‍കുന്നതിന് അനുകൂല വിധി കോടതിയില്‍ നിന്നു നേടിയെടുക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി പ്രതിനിധിയായ വനംമന്ത്രിയും ഉദ്യോഗസ്ഥരും ഏഴു കോടി കൈക്കൂലി വാങ്ങിയെന്ന് കേരളാ കോണ്‍ഗ്രസ്-എം സ്റ്റിയറിങ് കമ്മിറ്റി അംഗം സ്റ്റീഫന്‍ ജോര്‍ജ് ആരോപിച്ചു.
സുധാകര്‍ റെഡ്ഡി കാനം രാജേന്ദ്രന്റെ തത്തയായി മാറരുതെന്നും കെ എം മാണിക്കെതിരായ പരാമര്‍ശം പിന്‍വലിക്കാന്‍ സുധാകര്‍ റെഡ്ഡി തയ്യാറാവണമെന്നും ഇല്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും സ്റ്റീഫന്‍ ജോര്‍ജ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അഴിമതിക്കെതിരായ സിപിഐയുടെ വീമ്പുപറച്ചില്‍ വേശ്യയുടെ ചാരിത്ര്യപ്രസംഗത്തിനു തുല്യമാണെന്ന് ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരി പറഞ്ഞു. തങ്ങള്‍ക്കു ലഭിച്ച തിരുവനന്തപുരം പാര്‍ലമെന്റ് സീറ്റ് 4.65 കോടി രൂപയ്ക്കു സ്വാശ്രയ കോളജ് മുതലാളിക്കു വിറ്റ പാര്‍ട്ടിയാണ് സിപിഐ. പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ തന്നെ സ്ഥിരീകരിച്ച ഈ അഴിമതി തങ്ങള്‍ പുരപ്പുറത്തു കയറിനിന്ന് ഉദ്‌ഘോഷിക്കുന്ന ഏത് ആദര്‍ശ പരിപ്രേക്ഷ്യത്തില്‍ പെട്ടതാെണന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും വിശദീകരിക്കണം.
സിപിഎമ്മിനോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതു നേരെ പറയാനുള്ള ആര്‍ജവം കാണിക്കണം. അതിനു ധൈര്യമില്ലാതെ നിഴല്‍യുദ്ധം നടത്തുന്നത് ആരെ ബോധ്യപ്പെടുത്താനാണ്? കൊലപാതകത്തിനെതിരായ സിപിഐ നിലപാടിന്റെ പൊള്ളത്തരവും ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top