സിപിഐയെ ഒഴിവാക്കി ഇടത് ഐക്യമില്ലെന്ന് സംഘടനാ റിപോര്‍ട്ട്

എച്ച് സുധീര്‍
ഹൈദരാബാദ്: ബിജെപിക്കെതിരായ രാഷ്ട്രീയ അടവുനയം ഉള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സിപിഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് ഇന്ന് ഹൈദരാബാദില്‍ തുടക്കമാവും. 22 വരെ  നീണ്ടുനില്‍ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിന് സാഗ്‌ലിംഗം പള്ളിയിലെ മുഹമ്മദ് അമീന്‍ നഗര്‍ (ആര്‍ടിസി കല്യാണമണ്ഡപം) വേദിയാവും.
അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാനുള്ള സംഘടനാ റിപോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു. സിപിഐയെ ഒഴിവാക്കി ഇടത് ഐക്യമില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു. കേന്ദ്രനേതാക്കള്‍ പോലും അച്ചടക്കലംഘനം നടത്തുന്നുവെന്ന ഗുരുതരമായ പരാമര്‍ശവും റിപോര്‍ട്ടിലുണ്ട്. നിയന്ത്രണമില്ലാതെയുള്ള കേന്ദ്രനേതാക്കളുടെ സംസാരരീതി അവസാനിപ്പിക്കണം. ബംഗാള്‍ ഘടകം കേന്ദ്രീകൃത ജനാധിപത്യ വിരുദ്ധമായി പെരുമാറി. ഇനിയെങ്കിലും നേതാക്കളെല്ലാം കേന്ദ്രീകൃത ജനാധിപത്യശൈലി പിന്തുടരണം. ജനറല്‍ സെക്രട്ടറിയും അംഗങ്ങളും തമ്മില്‍ അഭിപ്രായഭിന്നത പരസ്യമായി പ്രകടമായി. ചില കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ വാര്‍ഷിക വരുമാനക്കണക്ക് നല്‍കുന്നില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.
രാഷ്ട്രീയനയത്തിലെ ഭിന്നത ഇടതു കൂട്ടായ്മയെ ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കും പോയത് ഇടത് ഐക്യത്തെ ബാധിച്ചു. കോണ്‍ഗ്രസ്സിനോട് സഹകരിക്കണമെന്ന സിപിഐ നിലപാടിനോടു യോജിക്കാനാവില്ല. എന്നാല്‍, സിപിഐയെ ഒഴിവാക്കി ഇടത് ഐക്യം പ്രാവര്‍ത്തികമല്ലെന്നും ഇടതു ജനാധിപത്യ മുന്നണിയുടെ മര്‍മസ്ഥാനത്ത് സിപിഐ വേണമെന്നും റിപോര്‍ട്ട് അടിവരയിടുന്നു. പാര്‍ട്ടി ശക്തിപ്പെടുത്താന്‍ കുറുക്കുവഴികളില്ല. പാര്‍ട്ടി സെന്ററില്‍ നിന്നുപോലും ചര്‍ച്ചയും വിവരങ്ങളും ചോരുന്നു. ആസൂത്രിതമായാണു ചോര്‍ച്ച നടക്കുന്നത്. പാര്‍ട്ടിയുടെ ശക്തിയും ബഹുജന അടിത്തറയും ഇടിഞ്ഞു. തിരഞ്ഞെടുപ്പ് തോല്‍വികള്‍ ഇതിന്റെ ഉദാഹരണമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.
10 ലക്ഷത്തോളമുള്ള പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 763 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുക. 70ഓളം നിരീക്ഷകരും സമ്മേളനത്തിന്റെ ഭാഗമാവും. കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നുമാണ് കൂടുതല്‍ പ്രതിനിധികള്‍. 175 പേര്‍ വീതമാണ് ഇരുസംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് ഹൈദരാബാദില്‍ എത്തിയിട്ടുള്ളത്. ഇന്നു രാവിലെ 10ന് തെലങ്കാനയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും കേന്ദ്രകമ്മിറ്റി ക്ഷണിതാവുമായ മല്ലു സ്വരാജ്യം പതാക ഉയര്‍ത്തുന്നതോടെ പാര്‍ട്ടി കോണ്‍ഗ്രസ്സിന് തുടക്കമാവും. തുടര്‍ന്ന് പാര്‍ട്ടി ജന. സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ യുഡിഎഫിനൊപ്പമുള്ള ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് നേതാക്കളെയും ഉദ്ഘാടനച്ചടങ്ങിലേക്കു പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.
സിപിഐ ജന. സെക്രട്ടറി സുധാകര്‍ റെഡ്ഡി, സിപിഐ(എംഎല്‍) ജന. സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ആര്‍എസ്പി സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ശിവശങ്കരന്‍, എസ്‌യുസിഐ നേതാവ് ആശിഷ് ഭട്ടാചാര്യ എന്നിവര്‍ സംബന്ധിക്കും. പിബി അംഗം മണിക് സര്‍ക്കാര്‍ അധ്യക്ഷനായുള്ള പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുക. കേരളത്തില്‍ നിന്നു കെ രാധാകൃഷ്ണന്‍ പ്രസീഡിയത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top