സിപിഐക്ക് മണിയുടെ ചെരിപ്പിന്റെ വാറഴിക്കാന്‍ യോഗ്യതയില്ലെന്ന്‌

സ്വന്തം പ്രതിനിധി

അടിമാലി: സിപിഎം സമ്മേളനത്തിനു കൊണ്ടുപോയ ഈറ്റ ലോഡ് വനപാലകരെ ഉപയോഗിച്ച് സിപിഐക്കാര്‍ കസ്റ്റഡിയിലെടുത്തുവെന്ന റിപോര്‍ട്ടുകളെ തുടര്‍ന്ന് സിപിഎം- സിപിഎം തര്‍ക്കം തുറന്ന പോരിലേക്ക് നീങ്ങുന്നു. സിപിഎം അടിമാലി ഏരിയാ പ്രതിനിധി സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ സിപിഐക്കെതിരെ രൂക്ഷവിമര്‍ശനമാണ് സിപിഎം നേതാക്കള്‍ ഉയര്‍ത്തിയത്. ഇത്രയുംകാലം ഒളിഞ്ഞുനിന്ന് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയവര്‍ ഇപ്പോള്‍ മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ഇവര്‍ക്കെതിരെ പ്രശ്‌നമേഖലയി ല്‍ വച്ച് തിരിച്ചടി നല്‍കുമെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി. പുതിയ പശ്ചാത്തലത്തില്‍ ഇന്നലെ രാവിലെ അടിമാലിയി ല്‍ സിപിഎമ്മിന്റെ അടിയന്തര ഡിസി യോഗം യോഗം ചേര്‍ന്നു. യോഗത്തില്‍ സിപിഎം നേതാക്കളായ പി എന്‍ വിജയന്‍, എം എന്‍ മോഹനന്‍, ടി കെ ഷാജി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു. സിപിഎമ്മിനും എം എം മണിക്കുമെതിരെ ആക്ഷേപമുന്നയിക്കുന്നവര്‍ക്ക് മണിയുടെ ചെരിപ്പിന്റെ വാറഴിക്കാന്‍ പോലുമുള്ള യോഗ്യതയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ജില്ലാ എല്‍ഡിഎഫ് കണ്‍വീനറുമായ പി എന്‍ വിജയന്‍ തുറന്നടിച്ചു. സിപിഎമ്മിന്റെ ജനകീയ പിന്തുണ കണ്ട് വിറളിപിടിച്ചവരാണ് തങ്ങള്‍ക്കെതിരെ ആരോപണവുമായി രംഗത്തു വന്നിരിക്കുന്നതെന്നും വിജയന്‍ തേജസിനോട് പറഞ്ഞു. ഇതിനിടെ ഈറ്റ പിടിച്ചെടുത്ത സംഭവത്തിനു പിന്നില്‍ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും സിപിഐ മണ്ഡലം സെക്രട്ടറി വിനു സ്‌കറിയ വ്യക്തമാക്കി. ഇവര്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വിനു പറഞ്ഞു. കൊട്ടാക്കമ്പൂരില്‍ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന്റെ ഭൂമിയുടെ പട്ടയം റദ്ദാക്കിയതിനെ തുടര്‍ന്നാണ് സിപിഎം സിപിഐക്കെതിരെ പരസ്യമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ ഉടനീളം സിപിഎമ്മിനേയും മന്ത്രി എം എം മണിയേയും അക്രമിച്ചായിരുന്നു സിപിഐ മുന്നോട്ടുപോയത്. ഇതിനിടെ സിപിഎമ്മിന്റെ കോട്ടയം സമ്മേളനത്തിന് കൊണ്ടുപോയ ഈറ്റ ലോഡ് വനപാലകരെ ഉപയോഗിച്ച് പിടിപ്പിച്ചതോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായി. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് അടിമാലി പ്ലാക്കയത്തു നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോയ ഈറ്റ തലക്കോട് ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ വനപാലകര്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്. ഈറ്റയും വാഹനവും പിന്നീട് അടിമാലി റേഞ്ച് ഓഫിസര്‍ക്ക് കൈമാറി. വിവരമറിഞ്ഞ് സിപിഎം നേതൃത്വം ഇടപെട്ടതോടെ പിടിയിലായവര്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തി ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തു. കേരള വന നിയമത്തിലെ ജാമ്യം ലഭിക്കാവുന്ന 271 ഇ വകുപ്പു പ്രകാരം കേസെടുത്ത ശേഷം പ്രതികളേയും വാഹനവും വനപാലകര്‍ വിട്ടയക്കുകയായിരുന്നു. എന്നാല്‍, റിസര്‍വ് വനത്തില്‍ അനധികൃതമായി പ്രവേശിച്ചാല്‍ പോലും ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കുന്ന വനപാലകര്‍ ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണ് സ്വീകരിച്ചിരിക്കുന്നതെന്ന ആക്ഷേപവും ശക്തമായി.

RELATED STORIES

Share it
Top