സിപിഐക്കുള്ള വിയോജിപ്പില്‍ മാറ്റമില്ലെന്നു കാനം രാജേന്ദ്രന്‍

കോഴിക്കോട്: അതിരപ്പിള്ളി പദ്ധതിക്ക് ഇതുവരെ ചെലവിട്ട പണമെത്രയെന്ന് പരിശോധിക്കണമെന്നും പദ്ധതിയില്‍ സിപിഐക്കുള്ള വിയോജിപ്പില്‍ മാറ്റമില്ലെന്നും കാനം രാജേന്ദ്രന്‍.  കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ നശിപ്പിക്കുന്ന വൈദ്യുത പദ്ധതികള്‍ക്ക് എതിരെ ആര്‍ക്ക് ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും സിപിഐ നിലകൊള്ളും. കമ്യൂണിസ്റ്റുകാര്‍ പരിസ്ഥിതി സംരക്ഷകരാണ്. പ്രകൃതിയെ ചൂഷണം ചെയ്യരുതെന്ന്  മാര്‍ക്‌സ്  ഉള്‍പ്പെടെ പറഞ്ഞിട്ടുണ്ട്. ജല വൈദ്യുതി പദ്ധതികള്‍ക്ക് മാത്രം പിന്നാലെ പോവാതെ പുതിയ സ്രോതസുകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. പുതിയ കാലത്ത് സൗരോര്‍ജ്ജമാണ്  അഭികാമ്യം.  വികസനം എന്നത് ഷോപ്പിങ് മാളോ, മേല്‍പ്പാലങ്ങളോ മത്രമല്ല ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളാകണം വികസനത്തിന്റെ പ്രഥമ പരിഗണന.
കേരളത്തിന്റെ വൈദ്യുതി മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇലക്ട്രിസിറ്റി റഗുലേറ്ററി കമീഷന്‍  സാമൂഹ്യ ബാധ്യതയുടെ അടിസ്ഥാനത്തിലല്ല മറിച്ച് ലാഭേച്ഛയോടെയാണ്  പ്രവര്‍ത്തിക്കുന്നത്.  ഈ മേഖലയില്‍ ലഭ്യമായ ആധുനിക സംവിധാനങ്ങളെല്ലാം ഉപയോഗിക്കാന്‍ സാധ്യമാകണം. വൈദ്യുതി ഉല്‍പ്പാദന വിതരണ മേഖലയില്‍ കാലാനുസൃതമായ പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഐടിയുസി സംസ്ഥാന ജന. സെക്രട്ടറി കെ പി രാജേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് എസ് വിജയന്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, എം പി ഗോപകുമാര്‍, പി ബാലകൃഷ്ണപ്പിള്ള, ടി സജീന്ദ്രന്‍, കെ വി സൂരി, പി വിജയരാഘവന്‍ സംസാരിച്ചു.

RELATED STORIES

Share it
Top