സിപിഎമ്മില്‍ ഇനി വേണ്ടത് ഒരു മീ ടൂ കാംപയിന്‍

ലൈംഗികാപവാദക്കേസില്‍ പാര്‍ട്ടിയുടെ അന്വേഷണം നേരിടുകയാണ് സിപിഎം എംഎല്‍എയായ പി കെ ശശി. ശശിക്കെതിരായി ലൈംഗികാപവാദക്കേസ് ഉയര്‍ന്നുവന്ന കാലത്തുതന്നെയാണ് എംഎല്‍എ ഹോസ്റ്റലുമായി ബന്ധപ്പെട്ട ഒരു അനാശാസ്യക്കേസില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരില്‍ പാര്‍ട്ടി നടപടി എടുക്കേണ്ടിവന്നത്.
ഇതോടൊപ്പം പ്രചരിക്കുന്ന മറ്റൊരു വാര്‍ത്ത തെന്‍മലയില്‍ ഉല്ലാസയാത്രയ്ക്കു പോയ സിപിഎം നേതാവിനും ഡിവൈഎഫ്‌ഐ വനിതാ നേതാവിനും എതിരായി ചേര്‍ത്തല ഏരിയാ കമ്മിറ്റി അന്വേഷണം നടത്തുന്നു എന്നതാണ്. അതായത്, നേതാക്കള്‍ കക്ഷികളായ ലൈംഗികാപവാദക്കേസുകള്‍ സിപിഎമ്മിനു തീരാത്ത തലവേദനയായി മാറിയിരിക്കുകയാണ്.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ പ്രശ്‌നമാണെന്നു പറഞ്ഞുകൂടാ. ഒളിവുജീവിതകാലത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അപഥസഞ്ചാരങ്ങള്‍ അടക്കിപ്പറച്ചിലുകളായി ഇന്നും നിലനില്‍ക്കുന്നുണ്ട്. എറണാകുളത്തെ ഗോപി കോട്ടമുറിക്കലിനെയും കണ്ണൂരിലെ പി ശശിയെയും പോലെ 'പെണ്ണുകേസു'കളില്‍ അകപ്പെട്ട സംസ്ഥാനതല നേതാക്കള്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയിട്ട് അധികകാലമായിട്ടില്ല.
മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളിലും ലൈംഗികാപവാദക്കേസുകളുണ്ട് എന്നതു നേരുതന്നെ. മുസ്‌ലിംലീഗിലും കോണ്‍ഗ്രസ്സിലുമെല്ലാം നേതാക്കന്‍മാര്‍ ഇത്തരം കേസുകളെ വിജയകരമായി അതിജീവിച്ച ചരിത്രവുമുണ്ട്. എന്നാല്‍, അതുപോലെയല്ലല്ലോ സ്ത്രീയുടെ വ്യക്തിത്വത്തിനു വിലങ്ങണിയിക്കുന്നു എന്നു പറഞ്ഞ് മതങ്ങള്‍ സ്ത്രീജീവിതത്തിനു മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ നിരന്തരം ശകാരിച്ചുകൊണ്ടിരിക്കുന്ന വിപ്ലവപ്പാര്‍ട്ടി. മഹിളാ സംഘടനകളിലൂടെ സ്ത്രീശാക്തീകരണം എന്നും എപ്പോഴും പ്രയോഗവല്‍ക്കരിക്കുന്ന പാര്‍ട്ടിയാണത്.
സിപിഎമ്മില്‍ അടിക്കടിയുണ്ടാവുന്ന ലൈംഗിക അതിക്രമക്കേസുകളെ അധികാരശക്തിയുടെ കടന്നുകയറ്റമായാണ് കാണേണ്ടത്. ആരോപണവിധേയരായ ആളുകള്‍ എല്ലാവരും നേതാക്കളോ ജനപ്രതിനിധികളോ ആണ്. തങ്ങളുടെ അധികാരം ഉപയോഗിച്ച് സ്ത്രീകളെ കീഴൊതുക്കുകയോ പ്രലോഭിപ്പിച്ച് വിധേയരാക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനമാണ് അവരുടേത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ അനുവര്‍ത്തിച്ച അതേ രീതി. അധികാരമാണ് പള്ളിയെപ്പോലെ പാര്‍ട്ടിയും ആയുധമായി പ്രയോഗിച്ചത്. അതുകൊണ്ടുതന്നെയാവുമോ ഫ്രാങ്കോക്കെതിരായി കന്യാസ്ത്രീകള്‍ നടത്തിയ പോരാട്ടത്തെ 'കോലാഹല'മെന്നു കോടിയേരി വിശേഷിപ്പിച്ചതും ഇടതു ഗവണ്‍മെന്റിന്റെ പോലിസ് ഒന്നും ചെയ്യാതെ കുറേക്കാലം ചുമ്മാ കുത്തിയിരുന്നതും. ആണധികാരത്തിന്റെ പ്രയോഗരൂപമാണ് സ്ഥാപനവല്‍ക്കരിക്കപ്പെട്ട രണ്ടു കൂട്ടരിലും ദൃശ്യമാവുന്നത്.
സിപിഎമ്മില്‍ ഇനി വേണ്ടത് ഒരു 'മീ ടൂ കാംപയിനാ'ണ്. അങ്ങനെയൊരു പരിപാടി ബ്രാഞ്ച്-ഏരിയാ-ജില്ലാ-സംസ്ഥാനതലത്തില്‍ ആരംഭിക്കട്ടെ; പോളിറ്റ്ബ്യൂറോയും കണ്‍ട്രോള്‍ കമ്മീഷനുമൊക്കെ ഞെട്ടിവിറയ്ക്കുമെന്നു തീര്‍ച്ച.

RELATED STORIES

Share it
Top