സിപിഎമ്മിലെ വിഭാഗീയത വികസനപദ്ധതികളെ ബാധിക്കുന്നു

നെന്മാറ: നെന്മാറയില്‍ സിപിഎമ്മിലെ വിഭാഗീയത വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി പരാതി. ഒരുവിഭാഗം നടത്തുന്ന വികസന പദ്ധതികളെ മറുവിഭാഗം തുരങ്കം വച്ച് ഇല്ലാതാക്കുകയാണത്രെ. പോലിസ് സ്‌റ്റേഷനു സമീപത്തെ പഴക്കംചെന്ന ദുര്‍ബ്ബലമായ ബസ്സ്‌കാത്തിരിപ്പു കേന്ദ്രത്തിന്റെ വികസനത്തിന് ഗ്രാമപ്പഞ്ചായത്ത് 15 ലക്ഷം രൂപ നീക്കിവച്ചു. കൂടുതല്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച് യാത്രക്കാര്‍ക്കു വിശാലമായ സൗകര്യമൊരുക്കാന്‍ 15 ലക്ഷം രൂപയുടെ കരാര്‍ നടപടികളും പൂര്‍ത്തിയാക്കി. എന്നാല്‍ ഈ ഭാഗത്തുകൂടി പാതവികസനം വരുമെന്നും വികസന പ്രവര്‍ത്തനം പാടില്ലെന്നും അറിയിച്ച് പൊതുമരാമത്തുവകുപ്പ് തടസ്സപ്പെടുത്തിയിരിക്കുകയാണ്.
സിപിഎമ്മിലെ വിഭാഗീയതയാണ് ഇതിനു പിന്നിലെന്നാണ് പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ച. കുടുംബശ്രീ വായ്പാ വിവാദത്തിനു പിന്നാലെ പാര്‍ട്ടിയിലും ഭരണത്തിലും ഒരു വിഭാഗത്തെ ഒഴിവാക്കുകയാണെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസത്തെ കൊല്ലങ്കോട് ഏരിയാ കമ്മിറ്റിയോഗത്തില്‍ അംഗങ്ങള്‍ പരസ്പരം വിമര്‍ശന മുന്നയിച്ചിരുന്നു. വായ്പാ വിവാദത്തില്‍ പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും നെന്മാറ ലോക്കല്‍ കമ്മിറ്റിയും അനാസ്ഥ കാണിച്ചതായി ഒരു വിഭാഗം വാദിച്ചു.
സാമ്പത്തിക ക്രമക്കേട് ഉണ്ടെന്നറിഞ്ഞിട്ടും എല്‍സി അത് ഗൗരവമായി എടുത്തില്ലെന്ന പരാമര്‍ശമുണ്ടായി. വിവാദവുമായി ബന്ധപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയേയും വനിതാ ബ്രാഞ്ച് കമ്മിറ്റിയംഗമായ കുടുംബശ്രീ ചെയര്‍പേഴ്‌സണേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഏരിയാ കമ്മിറ്റി തീരുമാനിക്കുകയും കഴിഞ്ഞദിവസം ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തിന് വിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജില്ലാ സെക്രട്ടറി പങ്കെടുത്ത ഏരിയാ കമ്മിറ്റിയോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനും സിപിഎം ലോക്കല്‍ സെക്രട്ടറിക്കുമെതിരെയും രൂക്ഷ വിമര്‍ശനം ഉണ്ടായി.
സ്ഥലം എംഎല്‍എ ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നതായി പറയുന്നു.  ഗ്രാമപ്പഞ്ചായത്ത് പദ്ധതികളുടെ ഉദ്ഘാടനം പ്രസിഡന്റ് സ്വയം ചെയ്യുകയാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയോ, എംഎല്‍എയേയോ ക്ഷണിക്കാറില്ലെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. കഴിഞ്ഞദിവസം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിട്ടു നിന്ന വിഷയവും വിവാദമായി. വിഭാഗീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നു ജില്ലാ സെക്രട്ടറി യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി. കുടുംബശ്രീ വിവാദത്തില്‍ അച്ചടക്കനടപടി വേണമെന്നാവശ്യപ്പെട്ട് ഏരിയാകമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് ജില്ലാകമ്മിറ്റി ചര്‍ച്ച ചെയ്‌തെങ്കിലും ആരോപണവിധേയരെ ഒറ്റയടിക്കു പുറത്താക്കാന്‍ തയ്യാറായില്ല.
ലോക്കല്‍ കമ്മിറ്റിയോടുള്ള ജില്ലാകമ്മിറ്റിയുടെ മൃദുസമീപനം വ്യക്തമാക്കുന്നതായിരുന്നു നടപടി. വായ്പാവിവാദംപുനപരിശോധനക്കായി തിരിച്ചു ലോക്കല്‍കമ്മിറ്റിയുടെ കയ്യിലേക്കുതന്നെ വിട്ടതായി പറയുന്നു. ഏരിയാകമ്മിറ്റിയിലേക്ക് വിട്ടാല്‍ ഉണ്ടാകുന്ന ഭവിഷത്ത് ഒഴിവാക്കാനാണ് ഇങ്ങിനെ ചെയ്തതത്രെ.കഴിഞ്ഞ ദിവസം വൈകുന്നേരം അടിയന്തര ലോക്കല്‍ കമ്മിറ്റി യോഗം വിളിച്ചുകൂട്ടിയിട്ടുണ്ട്.

RELATED STORIES

Share it
Top