സിപിഎമ്മിന് ബ്രാഹ്മണിക്കല്‍ മൃദു ഹിന്ദുത്വം: സിപിഐ(മാവോയിസ്റ്റ്)

തൃശൂര്‍: കേരളത്തില്‍ ദലിതര്‍ക്കു നേരെ നടക്കുന്ന സമൂഹികാതിക്രമങ്ങള്‍ക്കും ജാതി അയിത്ത വിലക്കുകള്‍ക്കും കുടപിടിക്കുകയാണ് സിപിഎമ്മിന്റെ ബ്രാഹ്മണിക്കല്‍ മൃദുഹിന്ദുത്വ സമീപനമെന്ന് സിപിഐ(മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി വക്താവ് ജോഗി വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി.എറണാകുളം വടയമ്പാടിയില്‍ ദലിത് സ്വാഭിമാന കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ സാമൂഹിക പ്രവര്‍ത്തകരേയും ദലിത് നേതാക്കളെയും അറസ്റ്റ് ചെയ്ത് കണ്‍വന്‍ഷന്‍ തടഞ്ഞ പോലിസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് സിപിഎമ്മിന് വിമര്‍ശനം. പോലിസിന് ജാതിക്കോമരങ്ങളുടെ സംരക്ഷകരാവാന്‍ ഊര്‍ജം പകരുകയാണ് സിപിഎം. ഇത് ഒറ്റപ്പെട്ട സംഭവമല്ല. അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിന് സര്‍ക്കാര്‍ സ്ഥലത്ത് വയ്ക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതും ജാതിമതില്‍ കെട്ടി പൊതുഭൂമിയെ കവര്‍ന്നെടുത്തവരെ സംരക്ഷിക്കുന്നതുമായ നടപടികള്‍ കപട കമ്യൂണിസ്റ്റുകളുടെ ദലിത് വിരുദ്ധ സവര്‍ണ പക്ഷപാതിത്വമാണ് പ്രഖ്യാപിക്കുന്നത്.  സിപിഎം സോഷ്യല്‍ ഫാഷിസ്റ്റുകളുടെ പോലിസും സംഘപരിവാര ഹിന്ദുത്വ ഫാഷിസ്റ്റുകളും ദലിതര്‍ക്കു നേരെ നടത്തുന്ന അടിച്ചമര്‍ത്തലിനെ ചെറുക്കാന്‍ ജനാധിപത്യ ശക്തികള്‍ മുന്നോട്ട് വരണം. ജാതി നശീകരണത്തിലൂടെ ബ്രാഹ്മണ്യവാദത്തെ കുഴിച്ചുമൂടണമെന്നും സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണ പ്രക്രിയക്ക് പ്രതിബന്ധമായ പിന്തിരിപ്പന്‍ ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികളെ ഒറ്റപ്പെടുത്തണമെന്നും  വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.

RELATED STORIES

Share it
Top