സിപിഎമ്മിന് പ്രശ്‌നംവന്നപ്പോള്‍ കൂടെയുള്ളവര്‍പോലും ഒപ്പം നിന്നില്ലെന്ന് എം എം മണി

നെടുങ്കണ്ടം: സിപിഎമ്മിന് ഒരു പ്രശ്‌നം വന്നപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ പോലും ഒപ്പം നിന്നില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. സിപിഎം നെടുങ്കണ്ടം ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെ തലയെടുക്കുമെന്ന് സംഘപരിവാര ശക്തികള്‍ വെല്ലുവിളിച്ചപ്പോള്‍ മുന്നണിയില്‍ ഒപ്പം ഉണ്ടായിരുന്നവര്‍ ഇതിനെതിരെ ശബ്ദിച്ചില്ലെന്ന് സിപിഐയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയപ്പോഴാണ് സംഘപരിവാര ശക്തികള്‍ സന്ദര്‍ശനത്തിനെതിരെ ഭീഷണിയുമായി എത്തിയത്. ഈ സമയത്ത് പിന്തുണ നല്‍കാന്‍ ആരും തയാറായില്ല. സ്വന്തം കാര്യം നോക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ഒന്നാമത്തെ ശത്രു ബിജെപിയും രണ്ടാമത്തെ ശത്രു കോണ്‍ഗ്രസും ആണെന്നും ഇരുവരും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കുന്നവരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. യോഗത്തില്‍ സിപിഎം ഏരിയാ സെക്രട്ടറി ടി എം ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, പി എന്‍ വിജയന്‍, കെ പി മേരി, പി എസ് രാജന്‍, സി വി വര്‍ഗീസ്, എന്‍ കെ ഗോപിനാഥന്‍, പി എം എം ബഷീര്‍, ജി ഗോപകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രണ്ട് ദിവസങ്ങളിലായി നടന്നുവന്ന ഏരിയാ സമ്മേളനത്തില്‍ സെക്രട്ടറിയായി ടി എം ജോണിനെ രണ്ടാമതും തെരഞ്ഞെടുത്തു.

RELATED STORIES

Share it
Top