സിപിഎമ്മിന്റെ ഹിന്ദുത്വ പക്ഷപാതം ന്യൂനപക്ഷങ്ങളില്‍ ആശങ്ക പടര്‍ത്തുന്നുപി സി അബ്ദുല്ല
കോഴിക്കോട്: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷ സമുദായ വോട്ട് ലാക്കാക്കി കേരളത്തില്‍ സിപിഎം നടപ്പാക്കുന്ന ഹിന്ദുത്വ പ്രീണന സമീപനം ന്യൂനപക്ഷ വിഭാഗങ്ങളില്‍ ആശങ്ക പടര്‍ത്തുന്നു. സിപിഎമ്മിന്റെ മതേതര പാരമ്പര്യത്തിന് തന്നെ കളങ്കമാവും വിധമാണ് കാര്യങ്ങളുടെ പോക്ക്. മുമ്പെങ്ങും പ്രകടമാവാത്ത വിധം പാര്‍ട്ടിയുടെ നിലപാടുകളിലും നേതാക്കളുടെ പ്രതികരണങ്ങളിലും പോലിസടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിര്‍വഹണത്തിലും ഹിന്ദുത്വ പ്രീണനം പ്രകടമാണെന്ന വിലയിരുത്തല്‍ വ്യാപകമാണ്. പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും ചുവടുപിടിച്ച് സിപിഎം പോഷക സംഘടനകളിലും ന്യൂനപക്ഷ വിരോധം വേരോടുന്നതിന്റെ സൂചനകളുണ്ട്.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റതുമുതലുള്ള പോലിസ് നടപടികളിലാണ് ആദ്യം ഹിന്ദുത്വ പക്ഷപാതം മറനീക്കിത്തുടങ്ങിയത്. ടി പി സെന്‍കുമാറും പിന്നീട് ലോക്‌നാഥ് ബഹ്‌റയും പോലിസില്‍ നടപ്പിലാക്കുന്നത് ഹിന്ദുത്വ പ്രീണന നയമാണെന്ന ആരോപണം ബലപ്പെട്ടിട്ടും സര്‍ക്കാര്‍ തലത്തില്‍ തിരുത്തല്‍ നടപടികളൊന്നുമുണ്ടായില്ല. മത വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതി ഉയര്‍ന്ന പ്രമുഖരായ രണ്ടു മുസ്‌ലിം പ്രാസംഗികര്‍ക്കെതിരേ ഉടന്‍ നടപടിയെടുത്ത പോലിസ് പക്ഷേ, ഇതിനേക്കാള്‍ ഗൗരവമായ സമാന പരാതികള്‍ നേരിടുന്ന ഒരു ഡസനോളം ഹിന്ദുത്വ നേതാക്കള്‍ക്കെതിരേ കാര്യമായ ഒരു നീക്കത്തിനും തയ്യാറായില്ല.
ഡോ. ഹാദിയ, തൃപ്പൂണിത്തുറ ഘര്‍വാപസി കേന്ദ്രം തുടങ്ങിയ വിഷയങ്ങളിലും പിണറായിയുടെ പോലിസിന്റെ ഹിന്ദുത്വ പ്രീണനം കേരളത്തിന്റെ കറുത്ത ചരിത്രമായി. ഡോ. ഹാദിയയെ അന്യായ തടങ്കലില്‍ മയക്കുമരുന്ന് കുത്തിവച്ച് ഇല്ലായ്മ ചെയ്യാനും മറ്റും നടന്ന ആര്‍എസ്എസിന്റെ നീക്കങ്ങള്‍ക്ക് കേരള പോലിസ് എല്ലാ സഹായവും നല്‍കി. രാഹുല്‍ ഈശ്വര്‍, കുമ്മനം രാജശേഖരന്‍ എന്നിവര്‍ക്ക് ഹാദിയയെ സന്ദര്‍ശിക്കാന്‍ സൗകര്യം നല്‍കിയപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ പോലും അകറ്റിനിര്‍ത്തി.
കേസില്‍, അശോകന്റെയും, ആര്‍എസ്എസിന്റെയും  ആരോപണങ്ങളാണ് സര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രിംകോടതിയിലും വാദിച്ചത്. ഒടുവില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണ് വി ഗിരിയെ മാറ്റാന്‍ പിണറായി നിര്‍ബന്ധിതനായത്. അതേസമയം, തൃപ്പൂണിത്തുറയിലെ ആര്‍എസ്എസ് മതം മാറ്റ കേന്ദ്രത്തിനെതിരേ ഇതേ കാലയളവില്‍ തെളിവുകള്‍ സഹിതം പരാതികള്‍ പുറത്തു വന്നിട്ടും പോലിസ് അനങ്ങിയില്ല. ആര്‍എസ്എസുകാരുടെ പരാതിയില്‍ കൊച്ചിയിലെ പീസ് സ്‌കൂളിനെതിരേയും വടകരയിലെ സലഫി സ്ഥാപന ഭാരവാഹികള്‍ക്കെതിരേയും മറ്റും നിമിഷ നേരം കൊണ്ട് പോലിസില്‍ പരാതി നല്‍കി നടപടിയെടുപ്പിച്ച വിദ്യാഭ്യാസ വകുപ്പ് പാലക്കാട്ടെ സ്‌കൂളില്‍ നിയമം കാറ്റില്‍ പറത്തിയ ആര്‍എസ്എസ് മേധാവിക്കെതിരേ ഒരു നടപടിയും സ്വീകരിച്ചില്ല. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്ന് മാറ്റുകയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്തത്.
കൊയിലാണ്ടിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മതവിദ്വേഷം പരത്തുന്ന ആര്‍എസ്എസ് പുസ്തകം വിതരണം ചെയ്ത അധ്യാപകനെതിരേ പ്രതിഷേധം ശക്തമായിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടയില്‍, വിദ്യാഭ്യാസ മന്ത്രി തന്നെ മുന്‍ ആര്‍എസ്എസുകാരനാണെന്ന ആരോപണത്തിനും സിപിഎം തൃപ്തികരമായ വിശദീകരണം നല്‍കിയില്ല. എന്നാല്‍, വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഈ മന്ത്രിയെ പ്രചാരണത്തിനടുപ്പിച്ചില്ല.  മലപ്പുറത്തെ ദേശീയപാത സ്ഥലമെടുപ്പിനെതിരേ സമരം ചെയ്തവരെ  രാജ്യദ്രോഹികളാക്കിയ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ പ്രസ്താവന ആര്‍എസ്എസ് ദേശീയ മുഖപത്രമായ പാഞ്ചജന്യത്തില്‍ പോലും ഇടം നേടി.
അതിനിടെ, സിപിഎമ്മിന്റെ യുവജന, വിദ്യാര്‍ഥി, വനിതാ പോഷക സംഘടനകള്‍ പാര്‍ട്ടിയുടെ പുതിയ നിലപാടിനനുസരിച്ച് തീവ്ര ന്യൂനപക്ഷ വിരുദ്ധ കാംപയിനുമായി രംഗത്തുണ്ടെന്നതും ശ്രദ്ധേയം. നേരത്തെ, പേരോട് അബ്ദുര്‍റഹിമാന്‍ സഖാഫിയുടെ സ്ഥാപനത്തിനെതിരേ ഉയര്‍ന്ന ബാല പീഡന പരാതിയിലും, അടുത്തിടെ മലപ്പുറം ഫഌഷ് മോബ്, ചേലാ കര്‍മ വ്യാജ വിവാദങ്ങളിലും രംഗത്തു വന്ന പോഷക സംഘടനാ നേതാക്കള്‍ കഠ്‌വ  സംഭവത്തില്‍ രംഗത്തെത്തിയില്ല. മാത്രമല്ല, കഠ്‌വ സംഭവത്തിനെതിരായ ജനകീയ പ്രക്ഷോഭങ്ങളെ ആര്‍എസ്എസ് ഭാഷയില്‍ വിമര്‍ശിച്ച് അവര്‍ രംഗത്തു വരുകയും ചെയ്തു.

RELATED STORIES

Share it
Top