സിപിഎമ്മിന്റെ രാമായണ മാസാചരണം; സാമൂഹിക മാധ്യമങ്ങളില്‍ ട്രോള്‍ പെരുമഴ

കോഴിക്കോട്: സംസ്‌കൃത സംഘം രൂപീകരിച്ച് രാമായണ മാസാചരണം നടത്താനുള്ള സിപിഎം നീക്കത്തിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ട്രോള്‍ പെരുമഴ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഓണ്‍ലൈനിലുള്‍പ്പെടെ വാര്‍ത്ത പരന്നതോടെ സിപിഎം പ്രവര്‍ത്തകരെയും പാര്‍ട്ടിയെയും പരിഹസിച്ച് നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്. ട്രോളര്‍മാര്‍ വിഷയം സജീവമാക്കിയതോടെ മറുപടി പറയാനാവാതെ കുഴങ്ങുകയാണ് പാര്‍ട്ടി അണികളും സൈബര്‍ പോരാളികളും.
പാര്‍ട്ടി പ്രവര്‍ത്തകര്‍ രാമായണം വായിക്കുന്നതിനെ കളിയാക്കിയുള്ള വോയ്‌സ് ക്ലിപ്പുകളും നടന്‍ ദിലീപ് രാമായണം തെറ്റായി വായിക്കുന്ന സിനിമാ രംഗത്തിന്റെ കട്ടിങ്ങും വളരെ പെട്ടെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.
സഖാവ് രാമായണം വായിക്കുമ്പോള്‍ എന്ന കാപ്ഷനില്‍ പ്രചരിക്കുന്ന വോയ്‌സ് ക്ലിപ്പ് മാര്‍ക്‌സിസ്റ്റ് രാമായണത്തിന്റെ പുത്തന്‍ തലങ്ങള്‍ അനാവരണം ചെയ്യുന്നതാണ്.
രാമായണമാസത്തിനു ശേഷം പാര്‍ട്ടി പ്രവര്‍ത്തകന്‍ അയോധ്യയിലേക്ക് രാമക്ഷേത്രം പണിയാന്‍ പോവുമോ എന്നും ലാല്‍ സലാം സഖാവേ എന്ന് പറയുമ്പോള്‍ ജയ്ശ്രീരാം സഖാവേ എന്ന് തിരിച്ചു പറയുന്ന പ്രവര്‍ത്തകനെ അവതരിപ്പിച്ചുമെല്ലാമുള്ള ട്രോളുകളും അരങ്ങ് തകര്‍ക്കുന്നുണ്ട്.
രാമായണം മുഴുവന്‍ വായിച്ച ശേഷം രാവണനെ കൊന്നത് ആരെന്ന ചോദ്യത്തിന് എസ്ഡിപിഐ എന്നും ആര്‍എസ്എസ് എന്നും മറുപടി പറയുന്ന പ്രവര്‍ത്തകരെ പരിഹസിക്കുന്ന ട്രോളുകളും വിരളമല്ല.
പാര്‍ട്ടി സഖാക്കള്‍ക്ക് ചേലാകര്‍മം നിര്‍ബന്ധമാക്കിക്കൊണ്ട് ഒരു ഫത്‌വ കൂടി ഇറക്കിയാല്‍ മതേതരത്വം അതിഗംഭീരമാവുമെന്നുമുള്ള കമന്റുകളും പ്രചരിക്കുന്നുണ്ട്. നിമിഷങ്ങള്‍ക്കകം ഗ്രൂപ്പുകളില്‍ നിന്നു ഗ്രൂപ്പുകളിലേക്ക് ട്രോളുകള്‍ പരന്നതോടെ നിരീശ്വരവാദികളായ പാര്‍ട്ടി പ്രവര്‍ത്തകരാണ് കൂടുതല്‍ പ്രതിരോധത്തിലായത്.

RELATED STORIES

Share it
Top