സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമെന്ന് കെ പി എ മജീദ്‌

കോഴിക്കോട്: സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. മുസ്‌ലിം യൂത്ത്‌ലീഗ് യുവജനയാത്ര സംഘാടക രൂപീകരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുസര്‍ക്കാരിനെ മുഖ്യ ശത്രുക്കളിലൊന്നായി കണ്ട് മാത്രമേ ലീഗിന് മുന്നോട്ടുപോകാനാവൂ. മതവിദ്വേഷ പ്രസംഗങ്ങളുടെ കാര്യത്തിലായാലും ഹാദിയ കേസിലായാലും യതീംഖാനകളുടെ നിയന്ത്രണമായാലും വഖഫ് ബോര്‍ഡ് നിയമനമായാലും ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് പിണറായി സര്‍ക്കാരിന്റേതെന്നും മജീദ് ആരോപിച്ചു.
കേരളത്തിലെ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും നരേന്ദ്ര മോദിയും പിണറായി വിജയനും ഒരുപോലെ ശത്രുക്കളാണെന്നും കെ പി എ മജീദ് പറഞ്ഞു. ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും ഇന്ത്യയില്‍ ഭീഷണിയിലാണെന്നാണ് ശശി തരൂര്‍ പറഞ്ഞത്. ഇന്ത്യന്‍ അവസ്ഥയെ നിരീക്ഷിക്കുന്ന ആരും പറയുന്ന കാര്യമാണിത്.
കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകനായ വേണുവിനെതിരേ കേസെടുത്തത് ഭരണകൂട ഭീകരതയാണ്. ലീഗിനെ തോല്‍പിക്കാന്‍ ഏത് തീവ്രവാദികളുമായും കൂട്ടുകൂടുമെന്ന അവസ്ഥ സിപിഎം തുടരുകയാണ്. അടുത്ത തിരഞ്ഞെടുപ്പിനെ ലക്ഷ്യമട്ട് ഇത്തരക്കാരുമായി ധാരണയിലെത്താന്‍ സിപിഎം ശ്രമം ആരംഭിച്ചിട്ടുണ്ട്.
കാംപസുകള്‍ എസ്എഫ്‌ഐ കുത്തകയാക്കി വയ്ക്കുന്നത് അവസാനിപ്പിക്കണം. എറണാകുളത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്റെ കൊല അപലപനീയമാണ്. എന്നാല്‍ കാംപസുകളിലെ ജനാധിപത്യം ചര്‍ച്ച ചെയ്യേണ്ടതാണ്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും താവളമാവുകയും നഗരത്തിലെ എല്ലാ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമാവുകയും ചെയ്തപ്പോഴാണ് കാംപസ് കാര്യവട്ടത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. എന്താണ് അഭിമന്യുവിന്റെ കൊലയാളിയെ പിടിക്കാന്‍ പോലിസിന് കഴിയാത്തത്. സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടുമായി ഒത്തുകളിക്കുകയാണ്. ഹൈക്കോടതി കൈയേറ്റം അടക്കമുള്ള കേസുകളില്‍ അറസ്റ്റ് വൈകിപ്പിച്ചതും കേസുകള്‍ വിട്ടതുമടക്കം സിപിഎം ധാരണയനുസരിച്ചാണ് നടക്കുന്നത്.
സംഭവം നടക്കുന്നത് എറണാകുളം സിറ്റി പോലിസ് കമ്മീഷണര്‍ക്ക് നോക്കിയാല്‍ കാണാവുന്ന സ്ഥലത്തായിട്ടും പ്രധാന പ്രതികളെ പിടികൂടിയിട്ടില്ല. മുസ്‌ലിംലീഗിനെ തോല്‍പിക്കാന്‍ തീവ്ര സംഘടനകളുമായി കൂട്ടുകൂടുന്ന സിപിഎം അതിന് വലിയ വില കൊടുക്കേണ്ടിവരും. സാജിദ് നടുവണ്ണൂര്‍ അധ്യക്ഷതവഹിച്ചു. കെ കെ നവാസ്, നജീബ് കാന്തപുരം, ഉമര്‍ പാണ്ടികശാല, എം എ റസാഖ് സംസാരിച്ചു.

RELATED STORIES

Share it
Top