സിപിഎമ്മിന്റെ നിശ്ശബ്ദനീക്കം ഫലംകണ്ടു; വയല്‍ക്കിളികള്‍ വെട്ടിലായി

തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത ബൈപാസ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് 45 പേര്‍ സമ്മതപത്രം നല്‍കിയതോടെ ജനകീയ സമരത്തിലുള്ള വയല്‍ക്കിളികള്‍ വെട്ടിലായി.
സമരത്തിന് സിപിഐയും ബിജെപിയും പരസ്യപിന്തുണ പ്രഖ്യാപിച്ചിരിക്കെ നിശബ്ദ ഇടപെടലിലൂടെയാണ് പ്രതിഷേധം തണുപ്പിക്കാനുള്ള അണിയറനീക്കം സിപിഎം നടത്തിയത്. ഇത് ഏറെക്കുറെ വിജയം കാണുകയും ചെയ്തു. സെന്റിന് 1500 രൂപ മാത്രം മതിപ്പുവിലയുള്ള സ്ഥലത്തിന് വന്‍തുക വാഗ്ദാനം നല്‍കുകയായിരുന്നു ദേശീയപാത അതോറിറ്റി.  മണ്ണിടുന്നതിനെതിരേ പ്രക്ഷോഭം നടക്കുന്ന വയല്‍ മേഖലയിലെ 58 പേരാണ് ഭൂമി വിട്ടുനല്‍കേണ്ടത്. ഇവരില്‍ 50 പേരും കഴിഞ്ഞ ദിവസം കീഴാറ്റൂര്‍ വായനശാലയില്‍ നടന്ന ചടങ്ങില്‍ ഭൂമി ഏറ്റെടുക്കാനുള്ള സമ്മതപത്രം സ്ഥലം എംഎല്‍എ ജെയിംസ് മാത്യുവിന് കൈമാറിയിരുന്നു. തുടര്‍ന്ന് താലൂക്ക് ഓഫിസില്‍വെച്ച് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി എംഎല്‍എയില്‍നിന്ന് സമ്മതപത്രം സ്വീകരിക്കുകയും ചെയ്തു. ഇനി വയല്‍ക്കിളി സംഘാംഗങ്ങളിലെ 10 പേരുടെ സ്ഥലം മാത്രമാണ് ലഭിക്കാനുള്ളത്. ഇതില്‍ സമരനായകന്‍ സുരേഷ് കീഴാറ്റൂരിന്റെ ഭൂമിയും ഉള്‍പ്പെടും. ഇവരില്‍ ഏഴുപേര്‍ ഭൂമി നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ അവകാശവാദം.
ഒരു സെന്റ് വയലിന് 4.16 ലക്ഷം രൂപയാണ് നല്‍കുക. 12.5 ഏക്കറോളം വയലാണ് റോഡിനായി അളന്നെടുക്കേണ്ടത്. കഴിഞ്ഞ മാസം കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ ആറിന് ദേശീയപാത അധികൃതര്‍ വയലില്‍ സര്‍വേ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.
എന്നാല്‍, വയല്‍ക്കിളികളുടെയും യുവമോര്‍ച്ചയുടെയും എതിര്‍പ്പ് കാരണം തിയ്യതി മാറ്റുകയായിരുന്നു. ഇതിനിടെയാണ് അധികൃതര്‍ നടപടികള്‍ വേഗത്തിലാക്കിയത്. നാലര ഹെക്റ്റര്‍ സ്ഥലമാണ് 45 മീറ്റര്‍ വീതിയില്‍ ബൈപാസിനായി ഏറ്റെടുക്കുക. ഈ ഭൂമിക്ക് വലിയതുക നഷ്ടപരിഹാരം പ്രഖ്യാപിച്ചതോടെ്  ഒരുഘട്ടത്തില്‍ വയല്‍കിളികളെ അനുകൂലിച്ചവര്‍ തങ്ങളുടെ സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാവുകയായിരുന്നു. അതിനിടെ, കീഴാറ്റൂരില്‍ പ്രദേശവാസികളല്ലാത്തവര്‍ അകാരണമായി സംഘടിച്ചുനില്‍ക്കുന്നത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി എംഎല്‍എ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top