സിപിഎമ്മിന്റെ തിണ്ണമിടുക്ക് കണ്ട് പറഞ്ഞത് തിരുത്തില്ലെന്ന് വി ടി ബല്‍റാം

ആനക്കര:  സിപിഎമ്മിന്റെ തിണ്ണമിടുക്ക് കണ്ട് പറഞ്ഞത് തിരുത്തുകയോ, മാറ്റിപ്പറയുകയോ ചെയ്യില്ലെന്ന് വി ടി ബല്‍റാം എംഎല്‍എ. എകെജി ക്കെതിരായ പരാമര്‍ശത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ എംഎല്‍എ ഓഫിസ് അക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രകടനത്തില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.വിഗ്രഹങ്ങള്‍ ഉടഞ്ഞ് പോകുമ്പോള്‍ സിപിഎമ്മുകാര്‍ക്ക് പൊള്ളുമായിരിക്കും. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുകയെന്നതാണ് ഏറെ പ്രാധാന്യം. കേരളത്തില്‍ സിപിഎമ്മുകാര്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എന്തും പറയാം, മറിച്ച് ചെയ്താല്‍ അക്രമത്തിന്റെ പാത എന്ന കാലം കഴിഞ്ഞു. സിപിഎം ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്യുന്ന പോലിസാണ് തൃത്താലയിലേതെങ്കില്‍ അവരുടെ സംരക്ഷണം തനിക്കാവശ്യമില്ലെന്നും, ഈ നാട്ടിലെ ജനപിന്തുണ തനിക്കുണ്ടെന്ന ആത്മവിശ്വാസമാണ് മുന്നോട്ട് നയിക്കുന്നതെന്നും വിടി ബല്‍റാം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇപി രാജീവ് ഉദ്ഘാടനം ചെയ്തു. സബാഹ് അധ്യക്ഷനായി. സിദ്ധീഖ് പന്താവൂര്‍, സുമേഷ് അച്യുതന്‍, പിപി ഷാജി, സുബ്രഹ്മണ്യന്‍  സംസാരിച്ചു. പ്രകടനത്തെത്തുടര്‍ന്ന് തൃത്താല സെന്ററില്‍ പോലിസുമായി പ്രവര്‍ത്തകര്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് എംഎല്‍എ. ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എംഎല്‍എ  ഓഫഫിസ് അക്രമത്തെത്തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് വി  കെ ശ്രീകണ്ഠന്‍, മുന്‍ ഡിസിസി  പ്രസിഡന്റ് സിവി ബാലചന്ദ്രന്‍ എന്നിവര്‍ തൃത്താലയിലെ എംഎല്‍എ ഓഫിസ് സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top