സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം സമാധാനാന്തരീക്ഷം തകര്‍ത്തെന്ന്‌

വൈക്കം: ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി സിപിഎം നടത്തുന്ന കൊലപാതക രാഷ്ട്രിയം സംസ്ഥാനത്ത് സമാധാനാന്തരീക്ഷം തകര്‍ത്തിരിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ്.
മട്ടന്നൂരില്‍ കൊല ചെയ്യപ്പെട്ട ഷുഹൈബിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പടിഞ്ഞാറെനടയില്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഒട്ടാകെ ബിജെപിയോടു പടപൊരുതി സമാധാനം തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ സിപിഎം കീശ വീര്‍പ്പിക്കുവാന്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് കേരളത്തില്‍. സമാധാനപാതയാണ് കോണ്‍ഗ്രസിന്റെ മുഖമുദ്ര. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചാല്‍ സിപിഎമ്മിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളായിരിക്കുമെന്ന് ഫിലിപ്പ് ജോസഫ് കൂട്ടിച്ചേര്‍ത്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി അധ്യക്ഷത വഹിച്ചു. അഡ്വ. വി വി സത്യന്‍, എന്‍ എം താഹ, മോഹന്‍ ഡി ബാബു, അഡ്വ. എ സനീഷ്‌കുമാര്‍, പി വി പ്രസാദ്, പി എന്‍ ബാബു, ഇടവട്ടം ജയകുമാര്‍, ജോര്‍ജ് വര്‍ഗീസ് സംസാരിച്ചു.

RELATED STORIES

Share it
Top