സിപിഎമ്മിന്റെ കവി സമ്മേളന വേദിയില്‍ സംഘപരിവാര പ്രീണനത്തിനെതിരേ കവികള്‍

തൃശൂര്‍: സിപിഎമ്മിന്റെ സംഘപരിവാര പ്രീണന നയങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കവി സമ്മേളനത്തില്‍ കുരീപ്പുഴയും മുരുകന്‍ കാട്ടാക്കടയും. സമ്മേളനം ഉദ്ഘാടനം ചെയ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ വടയമ്പാടിയിലെ ജാതി മതിലിനെതിരേ സംസാരിച്ചതിനാണ് തനിക്കെതിരേ സംഘപരിവാര ആക്രമണമുണ്ടായതെന്ന് പറഞ്ഞു.
സംഘപരിവാരത്തിന് ഊര്‍ജം പകരുന്ന സംഭവങ്ങളാണ് സമീപകാലത്തായി കേരളത്തില്‍ നടന്നത്. അശാന്തന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കുന്നത് തടഞ്ഞതിലൂടെ സംഘപരിവാരത്തിന് ലഭിച്ച ധൈര്യമാണ് വടയമ്പാടിയിലേക്കും തനിക്കെതിരായ ആക്രണമത്തിലേക്കും നയിച്ചതെന്നും കുരീപ്പുഴ പറഞ്ഞു. സര്‍ക്കാരിന്റേയും പോലിസിന്റേയും നിലപാടുകളെ പരോക്ഷമായി വിമര്‍ശിച്ച കുരീപ്പുഴ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ സംഘപരിവാര ശക്തികള്‍ ഇത്തരത്തില്‍ തലപൊക്കുകയില്ലെന്നും പറഞ്ഞു.
തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഫാ. വടക്കന്‍ കൂട്ടകുര്‍ബാന നടത്തിയ സ്ഥലമാണ് ഇന്ന് പലരും തങ്ങളുടെത് മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത്. ജാതി മതിലുകള്‍ ശക്തിപ്പെടുന്ന കാലത്ത് ഇതിനെതിരേ ശബ്ദിച്ചുകൊണ്ടേയിരിക്കും. തുടര്‍ന്ന് പ്രസംഗിച്ച കവി മുരുകന്‍ കാട്ടാക്കട ജനുവരിയില്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ സംഘപരിവാര ഫാഷിസ്റ്റ് ശക്തികളുടെ ഭീഷണിക്കു വഴങ്ങി രണ്ടാം വേദിയില്‍ നിന്നും മാപ്പിള കലകള്‍ മാറ്റിനിര്‍ത്തിയതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ അടക്കമുള്ള  നേതാക്കള്‍ ഇരിക്കുന്ന വേദിയിലായിരുന്നു വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥന്‍ കൂടിയായ മുരുകന്‍ ഇക്കാര്യം തുറന്നടിച്ചത്.
തേക്കിന്‍കാട് മൈതാനിയിലെ തെക്കേ ഗോപുര നടയിലെ രണ്ടാം വേദി സാംസ്‌കാരിക സമ്മേളനത്തിന് വേണ്ടി മാത്രമാണ് ഉപയോഗിച്ചത്. ഏറ്റവും നന്നായി ആസ്വദിക്കാന്‍ കഴിയുന്ന തൃശൂര്‍ നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലത്തു പോലും ഇങ്ങനെ കലകളെ മാറ്റിനിര്‍ത്തിയെങ്കില്‍ ഇതു നല്‍കുന്ന സൂചന ആപല്‍ക്കരമാണ്. ചിലയിടങ്ങളില്‍ ചില വിടവുകളുണ്ട്. ഈ വിടവുകള്‍ പ്രതിരോധിക്കാന്‍ വിട്ടുപോവുകയെന്നാണ് ഇതേക്കുറിച്ച് മുരുകന്‍ പരോക്ഷമായി പറഞ്ഞത്. സംഘപരിവാര ശക്തികള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്ന നയമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് നേരത്തെയും ആക്ഷേപമുയര്‍ന്നിരുന്നു.

RELATED STORIES

Share it
Top