സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സിപിഐ സമരമുഖത്ത്

കെ  മുഹമ്മദ് റാഫി
പാലോട്: അഗസ്ത്യാര്‍ വന താഴ്‌വരയിലെ മാലിന്യ പ്ലാന്റിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാവുന്നതിനിടയില്‍ ഭരണകക്ഷികള്‍ക്കിടയില്‍ സമരത്തിനനുകൂലമായ ചുവടുമാറ്റം. വിഷയത്തില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സിപിഐ മാലിന്യ പ്ലാന്റിനെതിരെ സമര മുഖത്തിറങ്ങാന്‍ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം പെരിങ്ങമ്മല സിപിഐ ലോക്കല്‍ കമ്മിറ്റി അടിയന്തരമായി കൂടുകയും പ്ലാന്റിനെതിരെ പ്രതിഷേധത്തിനിറങ്ങാനും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നിലവിലെ സമര സമിതിയുമായി സഹകരിക്കാതെ ഒറ്റയ്ക്കാണ് പ്രതിഷേധം. സമരത്തിന്റെ ഒന്നാം ഘട്ടമെന്ന നിലക്ക് പോസ്റ്റര്‍ പ്രദര്‍ശനവും ബോധവല്‍കരണവും നടത്തും. പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ ജൈവ കലവറയായ അഗസ്ത്യാര്‍ വന താഴ്—വരയില്‍ മാലിന്യ പ്ലാന്റ് കൊണ്ട് വരരുതെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി, കൃഷി വകുപ്പ് മന്ത്രി, സിപിഐ നേതാക്കള്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാനും സെക്രട്ടറി എല്‍ സാജന്റെ അധ്യക്ഷതയില്‍ കൂടിയ ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
ഖര മാലിന്യത്തില്‍ നിന്നും വൈദ്യുതി പദ്ധതി പരിസ്ഥിതി ലോല പ്രദേശത്തു നിന്നും ഒഴിവാക്കണമെന്നും സര്‍ക്കാര്‍ പിന്മാറണമെന്നും കമ്മിറ്റിയില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും രംഗത്തെത്തുകയായിരുന്നു. നിലവില്‍ പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് ഭരിക്കുന്ന ഇടതുപക്ഷത്തെ വൈസ് പ്രസിഡന്റ്— സിപിഐയിലെ കുഞ്ഞുമോനാണ്. പ്ലാന്റ് വരുന്നതുമായ ബന്ധപെട്ടു ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചു നാട്ടുകാര്‍ സമര മുഖത്തിറങ്ങിയപ്പോള്‍ പ്ലാന്റിനായി നിലകൊണ്ട സിപിഎമ്മിനു സിപിഐയുടെ നിലപാട് അനുകൂലമായിരുന്നു. എന്നാല്‍ സമരം ശക്തമാവുകയും സിപിഎമ്മിനുള്ളില്‍ അഭിപ്രായ വത്യാസം ഉടലെടുക്കുകയും ചെയ്തതോടെ സിപിഐ മാറി ചിന്തിക്കുകയായിരുന്നു.
എന്നാല്‍ മാലിന്യ പ്ലാന്റ് നിര്‍ദിഷ്ട പ്രദേശത്തു തുടങ്ങുമെന്ന് ഔദ്യോഗികമായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിന്  അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ ഭരണ സമിതിക്കുള്ളില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ട ചെയ്യേണ്ട സാഹചര്യമില്ലന്നും അടിയന്തര പ്രമേയം പാസ്സാക്കേണ്ടതില്ലന്നും വൈസ് പ്രസിഡന്റ്— കുഞ്ഞുമോന്‍ പറഞ്ഞു. നിലവിലെ സമര സമിതിയില്‍ സമരം നയിക്കുന്നവര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നതിനാലാണ് സിപിഐ ഇവരുമായി യോജിക്കാതെ ഒറ്റക്ക് സമരത്തിനിറങ്ങുന്നത്.  സിപിഐയുടെ ഈ തീരുമാനം സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.
നേരത്തെ തന്നെ സിപിഎമ്മിലെ ചിലര്‍ പരസ്യമായിട്ടല്ലെങ്കിലും പ്രതിഷേധ രംഗത്തുണ്ട്. സോഷ്യല്‍മീഡിയകളിലും സജീവമായി പ്ലാന്റിനെതിരെ ചര്‍ച്ചകള്‍ നടന്നു വരികയാണ്. മാലിന്യ പ്ലാന്റിനെതിരെ സമര സമിതി പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലേക്ക് സങ്കടമാര്‍ച്ച്— നടത്തും.
രാവിലെ പത്തരയ്ക്ക് സമര പന്തലില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചില്‍ ആദിവാസികളടക്കം നൂറു കണക്കിനാളുകള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സങ്കട മാര്‍ച്ചില്‍ സിപിഐ പങ്കെടുക്കില്ല.

RELATED STORIES

Share it
Top