സിപിഎമ്മിനെതിരായ ദുഷ്പ്രചാരണം വിലപ്പോവില്ല; ചിത്രലേഖയ്‌ക്കെതിരേ പി ജയരാജന്‍

കണ്ണൂര്‍: സിപിഎം പാര്‍ട്ടിഗ്രാമത്തിലെ ജാതിവിവേചനത്തിനും ബഹിഷ്‌കരണത്തിനുമെതിരേ സമരം ചെയ്ത് ശ്രദ്ധേയയായ ദലിത് വനിതാ ഓട്ടോറിക്ഷാ ഡ്രൈവര്‍ ചിത്രലേഖയ്‌ക്കെതിരേ നിലപാട് വ്യക്തമാക്കി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ചിത്രലേഖയെ ദലിത് സ്ത്രീയായി മാത്രം ചുരുക്കാനാണ് വലതുപക്ഷ മാധ്യമങ്ങളുടെ ശ്രമമെന്ന് ജയരാജന്‍ ഫേസ്ബുക്കില്‍ കുറ്റപ്പെടുത്തി.
2005 നവംബറില്‍ ചിത്രലേഖയുടെ ഓട്ടോറിക്ഷ ആരോ കത്തിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഈ കേസില്‍ ദൃക്‌സാക്ഷികളില്ല. എന്നാല്‍ സഹപ്രവര്‍ത്തകരായ ചിലര്‍ക്കെതിരേ പരാതിപ്പെട്ടു. ഇതോടെ ചിത്രലേഖയും തൊഴിലാളികളും തമ്മില്‍ അകല്‍ച്ചയായി. ഇതില്‍ യാതൊരു ജാതിപ്രശ്‌നവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വാക്കേറ്റവും കേസുകളും പതിവായി. ഇതില്‍ ചിത്രലേഖ കൊടുത്ത പരാതികളില്‍ ജാതി അധിക്ഷേപം ഉന്നയിക്കപ്പെട്ടതോടെ ചേരിതിരിവ് പുതിയതലത്തില്‍ എത്തുകയായിരുന്നു.
എല്ലാവരോടും യുദ്ധം ചെയ്യാനുള്ള അവരുടെ മാനസികാവസ്ഥ ദലിത് കുടുംബങ്ങള്‍ക്കെതിരേയും കള്ള ക്കേസ് കൊടുക്കുന്ന അവസ്ഥയിലെത്തിച്ചു. വിഷയം മാധ്യമശ്രദ്ധ നേടി. ഇതിനു പിന്തുണയുമായി ചിലരുടെ മാത്രം പ്രാതിനിധ്യമുള്ള സംഘടനകളും മുന്നോട്ടുവന്നു. ഇപ്പോള്‍ ഭൂരഹിത ദലിത് വനിത എന്ന നിലയില്‍ അവര്‍ക്ക് അനുവദിച്ച ഭൂമി വേറെ ഭൂമിയുണ്ടെന്ന കാരണത്താല്‍ റവന്യൂവകുപ്പ് റദ്ദാക്കിയിരിക്കുകയാണ്.
ആക്ഷേപമുണ്ടെങ്കില്‍ ഉന്നതാധികാരികള്‍ക്ക് അപ്പീല്‍ കൊടുക്കുകയും നിയമനടപടികളുമായി മുന്നോട്ടുപോവുകയുമാണ് വേണ്ടത്.
അതിനു പകരം സിപിഎമ്മിനെതിരെ അപവാദം പ്രചരിപ്പിക്കുകയാണ് അവര്‍. പഴയ പ്രചാരണത്തിന്റെ തുടര്‍ച്ചയാണിത്. പുറത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ഈ പ്രചാരണം ധാരാളം മതി. ഈ ദുഷ്പ്രചാരണം വിലപ്പോവില്ലെന്നും ജയരാജന്‍ പറഞ്ഞു.

RELATED STORIES

Share it
Top