സിപിഎമ്മിനു ദിനംപ്രതി അപചയം സംഭവിക്കുന്നു: മജീദ് ഫൈസി

കണ്ണൂര്‍/കാസര്‍കോട്: ദിനംപ്രതി അപചയം സംഭവിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല എന്ന പ്രമേയത്തില്‍ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചാരണ കാംപയിനിന്റെ ഭാഗമായി കണ്ണൂര്‍ അമാനി ഓഡിറ്റോറിയത്തില്‍ നടത്തിയ ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്ഡിപിഐയെ വര്‍ഗീയ പാര്‍ട്ടിയാക്കാനും തീവ്രവാദികളാക്കാനും ശ്രമിക്കുന്ന സിപിഎം സ്വന്തം ചരിത്രം മറക്കരുത്. കൊളോണിയല്‍ അധിനിവേശ ശക്തികളാണ് സ്വാതന്ത്ര്യസമരസേനാനികളെ തീവ്രവാദികളും വിഘടനവാദികളുമാക്കിയത്. പിന്നീട് അടിയന്തരാവസ്ഥക്കാലത്ത് കമ്മ്യൂണിസ്റ്റുകളെ വേട്ടയാടി. ജനാധിപത്യത്തെ വ്യഭിചരിച്ച ബ്രിട്ടിഷുകാരുടെയും ഇന്ദിരയുടെയും വഴിയിലാണ് സിപിഎം സഞ്ചരിക്കുന്നതെങ്കില്‍ അവര്‍ സ്വയം ശവക്കുഴി തോണ്ടുകയാണ്. ജനപക്ഷത്തു നിന്ന് നിലപാട് എടുക്കുന്നതാണ് സിപിഎമ്മിനും പിണറായി ഭരണത്തിനും എസ്ഡിപിഐ എതിരാളിയാവാന്‍ കാരണം.
സമൂഹത്തിനു വേണ്ടി സംഘടിച്ചവരായതിനാല്‍ ആരുടെയും ഭീഷണിക്കു മുന്നില്‍ പതറില്ല. ത്രിപുരയില്‍ അധികാരം നഷ്ടപ്പെട്ടപ്പോള്‍ കാട്ടിലേക്ക് ഓടിയൊളിച്ച സിപിഎമ്മുകാരെപ്പോലെ എവിടേക്കും ഓടിയൊളിക്കില്ല. ഭരണകൂടത്തിന്റെ വേട്ടയാടല്‍കൊണ്ടും ഭയപ്പെടുത്തല്‍കൊണ്ടും ഒരു കുഞ്ഞിനെപ്പോലും പിന്തിരിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് അധ്യക്ഷത വഹിച്ചു.
സിപിഎമ്മിന്റെ വലതുപക്ഷ വ്യതിയാനത്തിലും കോര്‍പറേറ്റ് പ്രീണനത്തിലും മനംമടുത്ത, ആര്‍ജവമുള്ള പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ ഇരുമ്പുവേലി ചാടുന്നതിനെയാണ് നേതൃത്വം എസ്ഡിപിഐ നുഴഞ്ഞുകയറ്റം എന്നു വിശേഷിപ്പിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ കാസര്‍കോട്ട് പറഞ്ഞു. ജില്ലാ നേതൃസംഗമം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം അധ്യക്ഷത വഹിച്ചു. ഡോ. കെ എച്ച് അഷ്‌റഫ്, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാനസമിതി അംഗങ്ങളായ കൃഷ്ണന്‍കുട്ടി, ജലീല്‍ നീലാമ്പ്ര, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ശരീഫ് പടന്ന സംസാരിച്ചു. സമാപന സെഷന്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍, എന്‍ യു അബ്ദുല്‍ സലാം, ഡോ. സി ടി സുലൈമാന്‍, ഇക്ബാല്‍ ഹൊസങ്കടി, ഖാദര്‍ അറഫ സംസാരിച്ചു.

RELATED STORIES

Share it
Top