സിപിഎമ്മിനും സര്‍ക്കാരിനും തിരിച്ചടി; കോണ്‍ഗ്രസ്സിനു നേട്ടം

കണ്ണൂര്‍: യൂത്ത്‌കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ് പി ശുഹൈബിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച ഹൈക്കോടതി വിധി കോണ്‍ഗ്രസിനേകിയത് പുത്തന്‍ പ്രതീക്ഷകള്‍. അതേസമയം, സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും ഹൈക്കോടതി ഉത്തരവ് കരണത്തേറ്റ തിരിച്ചടിയായി. ശുഹൈബ് വധക്കേസില്‍ ആദ്യം മുതല്‍തന്നെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് ശക്തമായ സമരവുമായി രംഗത്തെത്തിയെങ്കിലും സുപ്രധാന ആവശ്യങ്ങളൊന്നും നേടാനാവിതെ പിന്‍വലിക്കേണ്ടി വന്നത് പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷത്തിനിടയാക്കിയിരുന്നു.
ഇന്നലെ നടന്ന കെപിസിസി യോഗത്തില്‍ കെ സുധാകരന്‍ സംസ്ഥാന നേതൃത്തിനെതിരേ ഇക്കാര്യം ചൂണ്ടിക്കാട്ടി ആഞ്ഞടിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, പതിവുപോലെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് കോണ്‍ഗ്രസും യുഡിഎഫും നടത്തുന്നതെന്ന ആക്ഷേപം ശക്തമാവുന്നതിനിടെയാണ് ഹൈക്കോടതിയില്‍ നിന്നു ജസ്റ്റിസ് കെമാല്‍പാഷയുടെ ശക്തമായ താക്കീതുമായി സിബിഐ അന്വേഷണം വരുന്നത്. ഇതോടെ വിജയാഹ്ലാദ പ്രതീതിയിലാണ് കോണ്‍ഗ്രസ് ക്യാംപ്. മുമ്പെങ്ങുമില്ലാത്ത വിധം കോണ്‍ഗ്രസിന്റെ ശക്തമായ രാഷ്ട്രീയ തിരിച്ചുവരവിനു നിദാനമായ കേസില്‍ തങ്ങളുന്നയിച്ച വാദങ്ങളെല്ലാം കോടതി അതേപടി അംഗീകരിച്ചെന്നാണു വിലയിരുത്തല്‍. മറയ്ക്കു പിന്നില്‍ ആളുണ്ടെന്നതും യുഎപിഎ ചുമത്തേണ്ടതാണെന്നുമുള്ള പരാമര്‍ശങ്ങളാണ് കോണ്‍ഗ്രസിനു കൂടുതല്‍ കരുത്തുപകരുക. കാരണം, കണ്ണൂരിലെ രാഷ്ട്രീയ കൊലക്കേസുകളില്‍ ശക്തമായി ഇടപെടാനും അരുംകൊലകള്‍ക്ക് അറുതിവരുത്താന്‍ കൊല്ലിച്ചവരെ പിടികൂടാനും ഇതുവഴി കഴിയുമെന്നാണു കമക്കുകൂട്ടല്‍. അതേസമയം, മുഖ്യമന്ത്രിയുടെ ജില്ലയില്‍ തന്നെ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിച്ചതോടെ പ്രതിസന്ധിയിലായ സിപിഎമ്മിന് ഒരുകേസില്‍ കൂടി സിബിഐ എത്തുന്നത് കനത്ത തിരിച്ചടിയാവും.
തുടക്കംമുതല്‍ പ്രതികളെ സംരക്ഷിക്കാന്‍ നടത്തിയ തന്ത്രങ്ങളെല്ലാം പാളുകയും സംഘപരിവാര നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സി എത്തുന്നതും രാഷ്ട്രീയമായും തിരിച്ചടിക്കു കാരണമാക്കും. സിപിഎമ്മിനു സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ ശക്തിയുള്ള ജില്ലയിലെ കണ്ണൂര്‍ ലോബിയെന്നു വിശേഷിപ്പിക്കുന്ന നേതൃത്വത്തിലേക്ക് അന്വേഷണം നീളുകയാണെങ്കില്‍ പ്രതിരോധിക്കുന്നത് പ്രയാസമാവും. കണ്ണൂര്‍ ലോബിയിലെ ജയരാജത്രയങ്ങള്‍ ഇപ്പോള്‍ മുന്‍കാലത്തെ പോലെ സജീവമല്ലെങ്കിലും ഈ കേസില്‍ മൂന്നു ജയരാജന്‍മാര്‍ക്കും എതിര്‍പ്പുകള്‍ നേരിടേണ്ടിവരുമെന്നുറപ്പ്. ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ പി ജയരാജനെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. ജയരാജനെതിരേ നിലവില്‍ രണ്ടു കേസുകള്‍ സിബിഐ അന്വേഷിക്കുന്നുണ്ട്. സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ നിയോജക മണ്ഡലത്തിലാണ് അരുംകൊല നടന്നത്. എന്നിട്ടും അദ്ദേഹം കാര്യമായി അപലപിച്ചിട്ടില്ലെന്നും എംഎല്‍എയുടെ പിഎയ്ക്ക് പങ്കുണ്ടെന്ന ആരോപണങ്ങളും വരുംനാളുകളില്‍ തിരിച്ചടിയാവും. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായ സിപിഎം സംസ്ഥാന സമിതിയംഗം എം വി ജയരാജനെതിരേ നേരത്തേ യുഡിഎഫ് രംഗത്തെത്തിയിരുന്നു. പോലിസിനെ നിയന്ത്രിക്കുന്ന എം വി ജയരാജനാണ് കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു ആരോപണം. ഏതായാലും രാഷ്ട്രീയ സമരത്തില്‍ ഇടറിപ്പോയ കോണ്‍ഗ്രസ് നിയമയുദ്ധത്തിലൂടെ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുമ്പോള്‍ സിപിഎമ്മും സിബിഐയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് വരുംദിനങ്ങളില്‍ ശക്തമായ നിയപോരാട്ടങ്ങള്‍ക്കു സാക്ഷ്യംവഹിക്കുമെന്നതില്‍ തര്‍ക്കമില്ല.

RELATED STORIES

Share it
Top