സിപിഎം സ്വീകരിക്കുന്നത് വര്‍ഗീയത വളര്‍ത്തുന്ന സമീപനം: എസ്ഡിപിഐ

തിരൂര്‍: മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന സിപിഎം യഥാര്‍ഥത്തില്‍ വര്‍ഗീയത വളര്‍ത്തുന്ന സമീപനമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അഭിമന്യുവിന്റെ കൊലപാതകമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അഭിപ്രായപ്പെട്ടു.
എസ്ഡിപിഐ നേതൃസംഗമം എമര്‍ജിങ് മലപ്പുറം തിരൂര്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിമന്യൂ വധം വര്‍ഗീയമായിരുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്. കാംപസ് സംഘര്‍ഷത്തിന്റെ ഭാഗമായുണ്ടായ ആ കൊലപാതകത്തെ വര്‍ഗീയവല്‍ക്കരിക്കാനാണ് സിപിഎം കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്. എസ്ഡിപിഐ നേതാക്കളെ പിടിച്ച് ഭയപ്പെടുത്തിയാല്‍ പ്രവര്‍ത്തകര്‍ പേടിച്ച് മാളത്തിലൊളിക്കും എന്ന് സര്‍ക്കാര്‍ വിചാരിച്ചിട്ടുണ്ടെങ്കില്‍ ആ ധാരണ മാറ്റാന്‍ സമയമായിരിക്കുന്നു. സര്‍ക്കാര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ്.
ഇതിലും വലിയ ആരോപണങ്ങള്‍ വന്നപ്പോഴും പാര്‍ട്ടി തളര്‍ന്നിട്ടില്ല. സത്യസന്ധമായ നിലപാടുകളാണ് എസ്ഡിപിഐ സ്വീകരിക്കുന്നത്.
ഒരു കൊലപാതകത്തിലെ പ്രതികളെ പിടികൂടുക എന്നതിലപ്പുറത്തേക്ക് കാര്യങ്ങള്‍ നീക്കുന്നതിന് വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, മുസ്തഫ കൊമ്മേരി, സംസ്ഥാന സമിതി അംഗങ്ങളായ കൃഷ്ണന്‍ എരഞ്ഞിക്കല്‍, അഡ്വ. എ എ  റഹീം, ജില്ലാ സെക്രട്ടറിമാരായ എം പി മുസ്തഫ, ടി എം ഷൗക്കത്ത്, പി ഹംസ, സമിതി അംഗങ്ങളായ എ സൈദലവി ഹാജി, അഡ്വ. കെ സി നസീര്‍ സംസാരിച്ചു. എം കെ മനോജ് കുമാര്‍, ഡോ. സി എച്ച് അഷ്‌റഫ്, ജലീല്‍ നീലാമ്പ്ര, വി ടി ഇക്‌റാമുല്‍ ഹഖ് വിവിധ സെഷനുകളില്‍ ക്ലാസെടുത്തു. സമാപന സെഷനില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് സാദിഖ് നടുത്തൊടി അധ്യക്ഷനായിരുന്നു. എ കെ അബ്ദുല്‍ മജീദ്, കെ പി അലവി സംസാരിച്ചു.

RELATED STORIES

Share it
Top