സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനസ്സംഘടിപ്പിച്ചു കെ എന്‍ ബാലഗോപാലും പി രാജീവും സെക്രട്ടേറിയറ്റില്‍

തിരുവനന്തപുരം: പുതിയ രണ്ടുപേരെകൂടി ഉള്‍പ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനസ്സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റിലെ നിലവിലെ അംഗങ്ങളായ ആരെയും ഒഴിവാക്കാതെയാണ് പുനസ്സംഘടന നടന്നത്.
എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്, കൊല്ലം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ എന്നിവരാണ് പുതുതായി സെക്രേട്ടറിയറ്റിലെത്തിയത്. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിന് ശേഷം സെക്രേട്ടറിയറ്റ് രൂപീകരിച്ചപ്പോള്‍ കൊല്ലം, എറണാകുളം ജില്ലകള്‍ക്ക് പ്രാതിനിധ്യം നല്‍കാത്തതിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയിട്ടും കൊല്ലം ജില്ലയെ പരിഗണിക്കാതിരുന്നതിലാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്. ഇതേ തുടര്‍ന്നാണ് ഈ ജില്ലകള്‍ക്ക് പ്രാതിനിധ്യം നല്‍കി സെക്രട്ടേറിയറ്റ് പുനസ്സംഘടിപ്പിച്ചത്.
15 അംഗ സെക്രട്ടേറിയറ്റ് ഉണ്ടായിരുന്നതില്‍ വി വി ദക്ഷിണമൂര്‍ത്തിയുടെ മരണത്തോടെ ഒരു ഒഴിവ് വന്നിരുന്നു. ബാലഗോപാലും രാജീവും എത്തിയതോടെ സെക്രേട്ടറിയറ്റ് അംഗങ്ങളുടെ എണ്ണം 16 ആയി ഉയര്‍ന്നു. പി ജയരാജനെ സെക്രട്ടേറിയറ്റിലെടുത്തേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ പരിഗണിച്ചില്ല.  വ്യക്തിപൂജ വിവാദത്തില്‍ പാര്‍ട്ടി വിമര്‍ശനം ഏല്‍ക്കേണ്ടി വന്ന സാഹചര്യത്തിലാണ് ജയരാജനെ പരിഗണിക്കാതിരുന്നതെന്നാണ് സൂചന. ഇ പി ജയരാജന്റെ അധ്യക്ഷതയില്‍ എകെജി സെന്ററില്‍ നടന്ന സംസ്ഥാന കമ്മിറ്റിയോഗമാണ് സെക്രേട്ടറിയറ്റംഗങ്ങളെ തിരഞ്ഞെടുത്തത്.
യോഗത്തില്‍ പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, എം എ ബേബി എന്നിവര്‍ പങ്കെടുത്തു. സെക്രട്ടേറിയറ്റംഗങ്ങള്‍: പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പി കരുണാകരന്‍, പി കെ ശ്രീമതി, ഇ പി ജയരാജന്‍, ടി എം തോമസ് ഐസക്, എളമരം കരീം, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, ബേബി ജോണ്‍, ആനത്തലവട്ടം ആനന്ദന്‍, ടി പി രാമകൃഷ്ണന്‍, എം എം മണി, കെ ജെ തോമസ്, കെ എന്‍ ബാലഗോപാല്‍, പി രാജീവ്.

RELATED STORIES

Share it
Top