സിപിഎം വിശുദ്ധരാവുമ്പോള്‍

സി  പി   മുഹമ്മദ്  ബഷീര്‍
ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, പിന്നെ തല്ലിക്കൊല്ലാന്‍ ആളെ കൂട്ടുക എന്ന ചിരപുരാതന ഫാഷിസ്റ്റ് ശൈലിയാണ് പോപുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും അടിവേരറുക്കാന്‍ അങ്കത്തട്ടിലിറങ്ങിയിരിക്കുന്ന സിപിഎം പിന്തുടരുന്നത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എംപിയുമായ എളമരം കരീം ചില ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ പോപുലര്‍ ഫ്രണ്ടിനെ മുസ്‌ലിംകളുടെ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ തത്രപ്പെടുകയാണ്.

മഹാരാജാസ് കോളജിലുണ്ടായ എസ്എഫ്‌ഐ-കാംപസ് ഫ്രണ്ട് സംഘര്‍ഷത്തെ തുടര്‍ന്ന് അഭിമന്യു എന്ന എസ്എഫ്‌ഐ നേതാവ് കൊല്ലപ്പെട്ട തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കരീമിന്റെ ലേഖനം. മഹാരാജാസില്‍ അരുതാത്തതാണു സംഭവിച്ചത് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഉത്തരവാദികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നതിലുമില്ല എതിരഭിപ്രായം.ഏകപക്ഷീയമായ ആക്രമണത്തിലല്ല, എസ്എഫ്‌ഐ തുടങ്ങിവച്ച സംഘര്‍ഷത്തിനിടയിലാണ് അഭിമന്യു കൊല്ലപ്പെട്ടതെന്ന്, പ്രാഥമികമായി ലഭ്യമായ വിവരങ്ങളും ദൃക്‌സാക്ഷികളുടേതായി പുറത്തുവന്ന വിശദീകരണങ്ങളും സാക്ഷ്യപ്പെടുത്തുമ്പോഴും തിടുക്കപ്പെട്ട നിഗമനങ്ങളിലേക്കാണ് മാധ്യമങ്ങളും സിപിഎം പരിവാരവും എടുത്തുചാടുന്നത്. പോലിസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായതായി അറിവില്ല. കൃത്യത്തില്‍ പങ്കെടുത്തതായി പോലിസ് കരുതുന്ന പ്രതികളെ ഇതുവരെ പിടികൂടിയിട്ടുമില്ല. ചുരുളഴിയേണ്ട ദുരൂഹതകള്‍ പലതും സംഭവത്തില്‍ അവശേഷിക്കുന്നുണ്ടുതാനും.

ഈ സാഹചര്യത്തില്‍ പോപുലര്‍ ഫ്രണ്ടിനെതിരേ ഏകപക്ഷീയമായ കടന്നാക്രമണം നടത്തുന്നതിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ട്. തീവ്രവാദം, ആസൂത്രിത കൊല, പ്രഫഷനല്‍ കില്ലര്‍, കില്ലേഴ്‌സ് സ്‌ക്വാഡ്, ഒറ്റക്കുത്തിന് കൊല, കൊല്ലപ്പെട്ടയാളുടെ ജാതി- ഇങ്ങനെ വികാരതീവ്രത മുറ്റിയ പല അലങ്കാരങ്ങളുടെയും അകമ്പടിയോടെയുള്ള നുണകള്‍ വിളമ്പുമ്പോള്‍ സത്യങ്ങള്‍ പലതും കുഴിച്ചുമൂടാന്‍ എളുപ്പവുമാണ്.

അസംബന്ധങ്ങളുടെയും അവാസ്തവങ്ങളുടെയും ഘോഷയാത്രയാണ് കരീമിന്റെ ലേഖനത്തിലുടനീളമുള്ളത്. മഹാരാജാസ് പ്രശ്‌നത്തില്‍ ഒരു സംഘര്‍ഷമേ ഉണ്ടായിട്ടില്ലെന്നു സ്ഥാപിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. ഒരു ചാനലിനു മുമ്പില്‍ സംഭവം വിശദീകരിക്കുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ വാക്കുകളില്‍ നിന്നു തന്നെ കോളജിനു പുറത്തുവച്ച് സംഘര്‍ഷമുണ്ടായി എന്നതു വ്യക്തമാവുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ യഥാര്‍ഥത്തില്‍ നടന്നതെന്തെന്നു മനസ്സിലാക്കാന്‍ പോലിസിനു കഴിയും.

കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ ആക്രമിക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന എസ്എഫ്‌ഐ-സിപിഎം പ്രവര്‍ത്തകരുടെ മൊഴിയും പരിശോധിക്കപ്പെടേണ്ടതുണ്ട്. പിറ്റേന്ന് കോളജിലെത്താന്‍ നിശ്ചയിച്ചിരുന്ന അഭിമന്യുവിനെ തലേന്നാള്‍ ആരൊക്കെയോ നിരന്തരം ഫോണില്‍ വിളിച്ചതുകൊണ്ടാണ് അന്നു രാത്രി തന്നെ വട്ടവടയില്‍ നിന്ന് പച്ചക്കറി ലോറിയില്‍ കയറിപ്പോന്നതെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോടു പറഞ്ഞതാണ്. ഈ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും പുറത്തുവരേണ്ടതുണ്ട്. എന്നാല്‍, ഇതൊന്നും കണക്കിലെടുക്കാതെയാണ് ആസൂത്രിത കൊലപാതകം എന്ന് ആരോപിക്കുന്നത്.പോപുലര്‍ ഫ്രണ്ടിനെക്കുറിച്ചുള്ള എളമരം കരീമിന്റെ 'ചരിത്ര'വിവരണത്തില്‍ ഇന്ത്യയിലെ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് മുസ്‌ലിംവിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ വഴിയൊരുക്കിയത് 'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയ 'സിമി' ആണെന്നാണു പറയുന്നത്. സിമിയുടെ നേതാക്കളാണത്രേ പോപുലര്‍ ഫ്രണ്ടിന് ജന്മം കൊടുത്തത്!‘'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ' എന്ന വിഷയത്തെക്കുറിച്ച് കേരളത്തിലുടനീളം പ്രസംഗിച്ചുനടന്ന കെ ടി ജലീല്‍ ഇപ്പോള്‍ മന്ത്രിയാണ്. മറ്റൊരു മുന്‍ സിമിക്കാരന്‍ ഇടതുമുന്നണി സഹയാത്രികനാണ്. മുന്‍ സിമിക്കാരെല്ലാം അപകടകാരികളാണെങ്കില്‍ ഇവരുടെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടായിട്ടുപോരെ മറ്റുള്ളവരുടെ സിമി ബന്ധത്തിന്റെ വേരുകള്‍ തിരയുന്നത്?

കെ ടി ജലീലിനെയും എളമരം കരീമിനെയും പോലെയുള്ളവരെ മുന്നില്‍ നിര്‍ത്തി, കേരളത്തില്‍ ആശങ്കാജനകമാംവിധം രൂപപ്പെട്ടുവരുന്ന മുസ്‌ലിം വിരുദ്ധ പൊതുബോധത്തെ പരിപോഷിപ്പിക്കുകയെന്നത് സിപിഎമ്മിന്റെ ഒരു അജണ്ടയാണ്. മുസ്‌ലിം സമം തീവ്രവാദം എന്ന സമവാക്യം സംഘപരിവാരത്തിനു മാത്രമല്ല, സിപിഎമ്മിനും പഥ്യമാണെന്നതാണു സത്യം.

മുസ്‌ലിം സമുദായത്തിലെ യുവതലമുറയില്‍ മതനിരാസത്തിന്റെ വൈറസുകള്‍ കടത്തിവിടാനും അവരെ തങ്ങളുടെ അടിമപ്പാളയത്തിലേക്ക് ആനയിക്കാനുമാണ് സിപിഎം ലക്ഷ്യമിടുന്നത്. മെയ്യനങ്ങാതെ മതേതര സാക്ഷ്യപത്രം നേടാനും തന്റെ മേല്‍ പതിഞ്ഞ മുന്‍ സിമി മുദ്ര കുടഞ്ഞെറിയാനും മുസ്‌ലിം വിരുദ്ധ സമീപനങ്ങളും പോപുലര്‍ ഫ്രണ്ടിനെതിരായ ജല്‍പനങ്ങളും മതിയെന്ന് ജലീലിനെപ്പോലുള്ളവര്‍ ധരിക്കുന്നു.

പോപുലര്‍ ഫ്രണ്ടിന്റെ അക്രമങ്ങള്‍ക്ക് അടിവരയിടാന്‍ കരീം നിരത്തുന്ന കണക്കുകളും സംഭവങ്ങളും ദുര്‍ബലവും പരിഹാസ്യവുമാണ്. മാറാട് കേസ് ഒരു ഉദാഹരണം. ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 135ല്‍ 45 പേരും സിപിഎം പ്രവര്‍ത്തകരായിരുന്നു. ശിക്ഷിക്കപ്പെട്ട 62ല്‍ 18 പേര്‍ സിപിഎം പ്രവര്‍ത്തകര്‍. പ്രതിപ്പട്ടികയിലോ ശിക്ഷിക്കപ്പെട്ടവരിലോ ഒരു എന്‍ഡിഎഫ് പ്രവര്‍ത്തകന്‍പോലുമില്ല. മാറാട് പ്രദേശത്ത് എന്‍ഡിഎഫിന് യൂനിറ്റോ പ്രവര്‍ത്തകരോ ഉണ്ടായിരുന്നില്ല.ബേപ്പൂര്‍ ബോട്ട് സ്‌ഫോടനം, കോഴിക്കോട് ബസ്സ്റ്റാന്റ് ഇരട്ട സ്‌ഫോടനം തുടങ്ങിയവയിലൊന്നും എന്‍ഡിഎഫുകാര്‍ പ്രതികളായിരുന്നില്ല. ഈ രണ്ടു കേസുകളിലെ അന്വേഷണം പാതിവഴിയില്‍ ഉപേക്ഷിച്ച മട്ടാണ്. അസം സംസ്ഥാനത്തെ തൊഴിലാളികളെ ഭയപ്പെടുത്തി തിരിച്ചയക്കാന്‍ വാട്‌സ്ആപ്പ് പ്രചാരണം നടത്തിയത് പോപുലര്‍ ഫ്രണ്ടാണെന്ന് ചില തല്‍പരകേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചെങ്കിലും അതിന്റെ പേരില്‍ ഒരു കേസ് പോലും സംഘടനാപ്രവര്‍ത്തകര്‍ക്കെതിരിലില്ല.

സമീപകാലത്തു നടന്ന വാട്‌സ്ആപ്പ് ഹര്‍ത്താലില്‍ പ്രതികളാക്കപ്പെട്ടവര്‍ ആരാണെന്ന് കരീം ആഭ്യന്തരമന്ത്രികൂടിയായ പിണറായി വിജയനോട് അന്വേഷിച്ചാല്‍ മതി. കലാപങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വൈദഗ്ധ്യം നേടിയവരാണ് പോപുലര്‍ ഫ്രണ്ടുകാര്‍ എന്നാരോപിക്കുന്ന കരീമിന് പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച കലാപത്തിന്റെ ഒരു ചെറിയ ഉദാഹരണമെങ്കിലും ചൂണ്ടിക്കാട്ടാനാവുമോ?അതേസമയം, നാദാപുരം മേഖലയില്‍ സിപിഎം എന്ന പത്തരമാറ്റ് മതേതര പാര്‍ട്ടി കാലങ്ങളായി നടത്തിവരുന്ന മുസ്‌ലിം വിരുദ്ധ കലാപങ്ങളും കൊള്ളകളും കൊലപാതകങ്ങളും ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ശക്തിപ്പെടുത്താനുള്ള വിപ്ലവപ്രവര്‍ത്തനങ്ങളായിരുന്നോ? സിപിഎം കൊന്നൊടുക്കിയവരുടെ പട്ടിക പ്രസിദ്ധീകരിക്കണമെങ്കില്‍ ഒരു പത്രത്തിന്റെ മുഴുവന്‍ പേജുകളും മതിയാവാതെ വരും. ഇപ്പോഴുള്ള കോലാഹലത്തിനിടയില്‍ തന്നെയാണ് മഹേഷ് വധക്കേസില്‍ 11 സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച വാര്‍ത്ത നാം വായിച്ചത്.പഴകിത്തേഞ്ഞ ആരോപണങ്ങളാണ് പോപുലര്‍ ഫ്രണ്ടിനെതിരേ കരീം ആവര്‍ത്തിക്കുന്നത്. യാതൊരടിസ്ഥാനവുമില്ലാതെ സിപിഎമ്മിന്റെ  കേന്ദ്രകമ്മിറ്റി അംഗം  കളവുകള്‍ നിരത്തുന്നതെന്തെന്ന് അദ്ഭുതപ്പെടുന്നില്ല. പ്രയോഗത്തില്‍ ഫാഷിസ്റ്റ് ശൈലി പിന്തുടരുന്ന സിപിഎമ്മിനെ പോലൊരു സംഘടന ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ചാല്‍ സത്യമാവുമെന്ന ഗീബല്‍സിയന്‍ തന്ത്രത്തില്‍ തലപൂഴ്ത്തുന്നതില്‍ എന്തിന് അദ്ഭുതപ്പെടണം.

തിരിച്ചുവച്ച കണ്ണാടിയും മടക്കിയ ജീന്‍സും കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഇസ്‌ലാമിക പുഞ്ചിരിയും വരെയുള്ള അപസര്‍പ്പക കഥകള്‍ ആര്‍എസ്എസ് ജിഹ്വകളെപ്പോലും നാണിപ്പിക്കും വിധം പാര്‍ട്ടി പത്രത്തില്‍ അച്ചടിച്ചുവന്നു. നായയെ വെട്ടി പരിശീലനം, തസ്‌നിബാനു തുടങ്ങിയ പഴങ്കഥകള്‍ക്ക് എരിവും പുളിയും നഷ്ടപ്പെട്ടത് സഖാവ് കരീം ഇനിയും അറിഞ്ഞിട്ടില്ല.

എന്തുകൊണ്ടാണ് പോപുലര്‍ ഫ്രണ്ടും എസ്ഡിപിഐയുമൊക്കെ ഉന്നംവയ്ക്കപ്പെടുന്നത്? രണ്ടാം മാറാടിന്റെ സന്ദര്‍ഭത്തില്‍ അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പറഞ്ഞത്, പിന്നില്‍ എന്‍ഡിഎഫുകാരാണെന്നാണ്. പ്രവാചക നിന്ദ നടത്തിയ അധ്യാപകന്‍ മൂവാറ്റുപുഴയില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പോപുലര്‍ ഫ്രണ്ടിനെ ഫിനിഷ് ചെയ്യുമെന്നു പ്രഖ്യാപിച്ചു. ഒരു പ്രാദേശിക സംഭവത്തില്‍ അത്യസാധാരണമായ പോലിസ് തേര്‍വാഴ്ചയ്ക്കാണ് മൂവാറ്റുപുഴ സംഭവത്തെ തുടര്‍ന്ന് കേരളം സാക്ഷ്യംവഹിച്ചത്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനു പകരം ഒരു സംഘടനയെ അധികാരത്തിന്റെ തിണ്ണമിടുക്കുപയോഗിച്ച് നിലംപരിശാക്കാനായിരുന്നു സിപിഎം പദ്ധതി.ഇപ്പോള്‍ അഭിമന്യു വധത്തെ തുടര്‍ന്നും അതേ മോഡസ് ഓപറാണ്ടിയാണ് സിപിഎമ്മും സര്‍ക്കാരും പയറ്റുന്നത്. സിപിഎമ്മുകാര്‍ ആര്‍എസ്എസുകാരെ കൊല്ലുമ്പോഴോ തിരിച്ചോ ഉണ്ടാവുമ്പോഴൊന്നും സംസ്ഥാനത്തുടനീളമുള്ള പ്രവര്‍ത്തകരുടെ വീടുകളും സംഘടനാ ആസ്ഥാനങ്ങളും പോലിസ് കയറിനിരങ്ങിയ അനുഭവം കേട്ടുകേള്‍വിയില്‍പ്പോലും ഉണ്ടാവില്ല.

ഭരണവര്‍ഗ പാര്‍ട്ടിയെന്ന നിലയില്‍ സിപിഎം പലപ്പോഴും ജനവിരുദ്ധ പക്ഷത്താണു നിലകൊള്ളാറുള്ളത്. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നതിലും അതിരുകവിഞ്ഞ കോര്‍പറേറ്റ് വിധേയത്വം എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നു. ദേശീയപാതാ വികസനത്തിനുള്ള സ്ഥലമെടുപ്പിനെതിരേയും ഗെയില്‍ പദ്ധതിക്കെതിരേയും സമരരംഗത്തിറങ്ങിയവരെ തീവ്രവാദികളാണെന്നാണു സിപിഎമ്മും സര്‍ക്കാരും പ്രചരിപ്പിച്ചത്. ഇക്കാര്യത്തില്‍ പലപ്പോഴും ബിജെപിക്കു സമാനമാണ് സിപിഎം നിലപാട്.

ജനകീയ സമരമുഖങ്ങളിലെ എസ്ഡിപിഐ സാന്നിധ്യം സിപിഎമ്മിനെ വല്ലാതെ അലോസരപ്പെടുത്തിയിട്ടുണ്ട്. അതിലൂടെ ഉണ്ടാവുന്ന ജനസമ്മതിയും സ്വീകാര്യതയും അവരെ അസ്വസ്ഥരാക്കുന്നു. ന്യൂനപക്ഷ, അധഃസ്ഥിത വിഭാഗങ്ങള്‍ക്കിടയില്‍ ഇത്തരം നവജാഗരണ പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടം ലഭിക്കുന്നത് ആത്യന്തികമായി തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഹാനികരമാവുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഇത്തരം അങ്കലാപ്പുകളാണ് പല കടുംകൈകള്‍ക്കും സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്.

ഇനി ഇതിന്റെ രാഷ്ട്രീയമായ പിന്നാമ്പുറം കൂടി പരിശോധിക്കണം. ഫാഷിസ്റ്റ് വിരുദ്ധതയുടെ പേരില്‍ ന്യൂനപക്ഷങ്ങളെ തങ്ങളുടെ വോട്ട് ബാങ്കാക്കി നിലനിര്‍ത്താമെന്നതാണ് സിപിഎം നയം. അതിന് ആണ്ടിലൊരിക്കല്‍ അല്ലെങ്കില്‍ തിരഞ്ഞെടുപ്പു വരുമ്പോള്‍ ബീഫ് ഫെസ്റ്റ് പോലുള്ള ചില കാട്ടിക്കൂട്ടലുകള്‍ മതിയാവുമെന്നും പാര്‍ട്ടി കരുതുന്നു. എന്നാല്‍, മുസ്‌ലിംകള്‍ അടക്കമുള്ളവരുടെ അരക്ഷിതബോധം അകറ്റുന്നതിലോ മുസ്‌ലിംവിരുദ്ധ പൊതുബോധത്തെ ചെറുത്തു തോല്‍പിച്ച് മുസ്‌ലിംകളെ കൂടി ചേര്‍ത്തുപിടിക്കുന്നതിലോ സിപിഎമ്മിനു താല്‍പര്യമില്ല.

പാര്‍ട്ടി പദവികളിലെയും ഭരണമേഖലയിലെയും മുസ്‌ലിം സാന്നിധ്യം മാത്രം പരിശോധിച്ചാല്‍ ന്യൂനപക്ഷ സംരക്ഷകരെന്ന ഇവരുടെ കാപട്യം വെളിവാകും. ഹാദിയാ കേസിലെ സിപിഎം-സര്‍ക്കാര്‍ നിലപാടുകള്‍ ഏറ്റവും നല്ല ഉദാഹരണമാണ്. പീസ് സ്‌കൂളിലേക്കും സത്യസരണിയിലേക്കും മറ്റും പോലിസിന്റെ ഇടിവണ്ടികള്‍ പായുമ്പോള്‍ ഘര്‍വാപസി പീഡനകേന്ദ്രങ്ങള്‍ക്കു നേരെ ഇമവെട്ടി നോക്കാന്‍ പോലും പോലിസ് ധൈര്യപ്പെടുന്നില്ല.

അപ്പോള്‍ ഒരു ചോദ്യം ഉയരാം: കേരളത്തില്‍ ആര്‍എസ്എസിനെ പ്രതിരോധിക്കുന്നതും അതില്‍ കൊല്ലപ്പെടുന്നതും സിപിഎം പ്രവര്‍ത്തകരല്ലേ എന്ന്? ഹിന്ദു സമൂഹത്തില്‍ വേരോട്ടമുള്ള പാര്‍ട്ടിയാണ് സിപിഎം (പാര്‍ട്ടിയുടെ ക്രെഡന്‍ഷ്യല്‍ റിപോര്‍ട്ട് പരിശോധിക്കുക). ഹിന്ദു സമുദായത്തില്‍ ആധിപത്യം ചെലുത്താന്‍ ശ്രമിക്കുന്നവരാണ് സംഘപരിവാരം. ഇവിടെ സ്വാഭാവികമായും മേല്‍ക്കോയ്മയ്ക്കു വേണ്ടിയുള്ള മല്‍സരം ഇരുകൂട്ടരും തമ്മിലുള്ള സംഘട്ടനത്തിലേക്കെത്തുന്നു എന്നതാണ് വസ്തുത. ഇരുഭാഗത്തും കൊല്ലപ്പെടുന്നത് പിന്നാക്ക സമുദായങ്ങളില്‍ പെട്ടവരും.സ്ഥിരമായ ഒരു ഹിന്ദു വോട്ട് ബാങ്ക് നിലനിര്‍ത്താനാണ് ആര്‍എസ്എസിനെതിരായ നിലപാടിലൂടെ സിപിഎം ലക്ഷ്യമാക്കുന്നത്. ഭരണ നടപടികളില്‍ മുസ്‌ലിം വിരുദ്ധ സമീപനം കൈക്കൊള്ളുന്നതിലൂടെ ഇത് ബാലന്‍സ് ചെയ്യുകയുമാവാം. അധികാര രാഷ്ട്രീയത്തിന്റെ ബലതന്ത്രം നിര്‍ണയിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ തീവ്ര ഹിന്ദുത്വാഭിമുഖ്യമില്ലാത്ത ഹിന്ദുക്കള്‍ തങ്ങളെ പിന്തുണയ്ക്കുമെന്നും സിപിഎമ്മിനറിയാം. ഇത്തരം ബുദ്ധിപൂര്‍വമായ ഒരു സ്ട്രാറ്റജിയാണ് സിപിഎമ്മിന്റേത്.

ഇഎംഎസിന്റെ ശരീഅത്ത് വിരുദ്ധ നിലപാടും വി എസ് അച്യുതാനന്ദന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളും സാമ്പത്തിക സംവരണത്തിന് അനുകൂലമായ നിലപാടുമെല്ലാം എന്‍കാഷ് ചെയ്യപ്പെടുന്നത് അങ്ങനെയാണ്. ഇപ്പോള്‍ മഹാരാജാസ് സംഭവത്തിലും മുസ്‌ലിം തീവ്രവാദം എന്നാവര്‍ത്തിച്ചു പറഞ്ഞ് പ്രശ്‌നങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതിന്റെ താല്‍പര്യവും മറ്റൊന്നല്ല.

ഫഌഷ് മോബ്, വത്തക്ക സമരം, ലീഗിന്റെ അഞ്ചാംമന്ത്രി വിവാദം തുടങ്ങിയവയിലൂടെ മുസ്‌ലിം വിരുദ്ധ പൊതുബോധ നിര്‍മിതിയെ സിപിഎം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതിനായി യുക്തിവാദികളെയും സൈബറിടങ്ങളെയും രാഷ്ട്രീയവിധേയത്വം കൃത്യമായി കാത്തുസൂക്ഷിക്കുന്ന ബുദ്ധിജീവികളെയും സാംസ്‌കാരിക നായകന്‍മാരെയും എല്ലാം സിപിഎം ചേര്‍ത്തുപിടിക്കുന്നു.മുസ്‌ലിം സമുദായത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന ധീരവും വ്യതിരിക്തവുമായ എല്ലാ ശബ്ദങ്ങളെയും ഇല്ലായ്മ ചെയ്ത് ഈ നവജാഗരണ രാഷ്ട്രീയത്തെ റദ്ദ് ചെയ്യാമെന്നും സിപിഎം സ്വപ്‌നംകാണുന്നു. സംഘപരിവാര ഫാഷിസത്തിനെതിരേ വിപുലമായ ഐക്യം കെട്ടിപ്പടുക്കാന്‍ ഇടതുപക്ഷ മതേതര കക്ഷികള്‍ ശ്രമിച്ചുവരുകയാണെന്നാണു വാദം.

ത്രിപുരയില്‍ അധികാരം നഷ്ടപ്പെട്ടതോടെ ആര്‍എസ്എസ് ആക്രമണത്തിനിരയായി ആട്ടിപ്പായിക്കപ്പെട്ട സഖാക്കള്‍ തിരികെ കാടിറങ്ങിയോ എന്ന് ഇപ്പോഴും അജ്ഞാതമാണ്. പശ്ചിമ ബംഗാളില്‍ ബിജെപിയും സിപിഎമ്മും ഒരുപോലെയെന്നു ചുരുങ്ങിയപക്ഷം മുസ്‌ലിംകളെങ്കിലും കരുതുന്നു. അവസാന തുരുത്തായി കേരളമേയുള്ളൂ.

വിശാല മതേതര സഖ്യത്തിന് എത്ര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്‍കൈയെടുക്കാന്‍ സിപിഎമ്മിനാവും എന്നുകൂടി ചിന്തിച്ചിട്ട് ഈ അവകാശവാദത്തിന് നാം ചെവികൊടുക്കുക.
അഭിമന്യു വധത്തിലെ പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുക എന്നതിനേക്കാളേറെ പോപുലര്‍ ഫ്രണ്ടിനെ ഇല്ലായ്മ ചെയ്യുക എന്ന സിപിഎം ഒളിയജണ്ടയ്ക്ക് ചൂട്ടുപിടിക്കണമോ എന്നാണു നിഷ്പക്ഷമതികള്‍ ചിന്തിക്കേണ്ടത്.

(പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍.)

RELATED STORIES

Share it
Top