സിപിഎം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം റയ്യാന്‍ദമ്മാം: ഒറ്റപ്പെട്ട സംഭവങ്ങളെ ഊതിപ്പെരുപ്പിച്ച് രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യാന്‍ ഇറങ്ങിത്തിരിച്ച സിപിഎം കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണമാണ് സൃഷ്ടിക്കുന്നതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം റയാന്‍ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. പോലിസിനെയും മറ്റു ഭരണ സംവിധാനങ്ങളും ഉപയോഗിച്ച് ഇതര ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളെ 'ഫിനിഷ്' ചെയ്യാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ സദാചാരമില്ലായ്മയാണ്. അഭിമന്യു വധത്തിന്റെ പശ്ചാത്തലത്തില്‍ കാംപസുകളില്‍ രാഷ്ട്രീയം നിരോധിക്കണമോയെന്ന ചോദ്യത്തിന് കോടതിയില്‍ ഒറ്റപ്പെട്ട സംഭവമെന്ന് അറിയിക്കുകയും അതേസമയം നാളിതുവരെ കാണാത്ത വിധത്തില്‍ കാംപസ് ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരെയും നേതാക്കളെയും വേട്ടയാടുകയും ചെയ്യുന്ന സിപിഎം നിലപാട് തലമറന്ന് എണ്ണ തേക്കുന്ന നടപടിയാണ്. നവ സാമൂഹിക പ്രസ്ഥാനമായ എസ്ഡിപിഐയെ ഒരു മതത്തിന്റെ ലേബലൊട്ടിച്ച് നിരന്തരം അപവാദ പ്രചാരണങ്ങളുമായി സമൂഹത്തില്‍ വര്‍ഗീയ മുതലെടുപ്പ് നടത്തുന്ന സമീപനത്തില്‍ നിന്നും സിപിഎം പിന്മാറണം. എസ്ഡിപിഐ മുന്നോട്ട് വയ്ക്കുന്ന ബഹുജന്‍ രാഷ്ട്രീയത്തെ ഫാഷിസ്റ്റു ശൈലിയില്‍ അടിച്ചമര്‍ത്താമെന്നത് സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ വ്യാമോഹം മാത്രമാണെന്നും ഫോറം ചൂണ്ടിക്കാട്ടി. യോഗത്തില്‍ അലി മാങ്ങാട്ടൂര്‍ അധ്യക്ഷത വഹിച്ചു. സാബിത് പള്ളിമുക്ക് റിപോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി അലി മാങ്ങാട്ടൂര്‍ (പ്രസിഡന്റ്), ഷറഫുദ്ദീന്‍ ഇടശ്ശേരി (വൈസ് പ്രസി.), സാബിത് പള്ളിമുക്ക് (ജ. സെക്രട്ടറി), അബ്ദുല്‍ സലാം തൃശൂര്‍ (ജോ. സെക്രട്ടറി), സുനീര്‍ ചെറുവാടി, ആതിഫ് കണ്ണൂര്‍, സജാദ് തിരുവനന്തപുരം (നിര്‍വാഹക സമിതി) എന്നിവരെ തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top