സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് എതിരായ പീഡനക്കേസ്: പോലിസുകാരന് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരായ പീഡനക്കേസില്‍ തെളിവില്ലാതാക്കാന്‍ ശ്രമിച്ച പോലിസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. തിരുവല്ല സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ ഹരിലാലിനെയാണ് തിരുവനന്തപുരം റേഞ്ച് ഐജി സസ്‌പെന്‍ഡ് ചെയ്തത്. പത്തനംതിട്ട പോലിസ് ചീഫിന്റെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. പോലിസുകാരനെതിരേ വകുപ്പുതല അന്വേഷണത്തിന് അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി ടൗണ്‍ നോര്‍ത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന സജിമോന്റെ ഡിഎന്‍എ പരിശോധനയ്ക്ക് മറ്റൊരാളുടെ രക്തസാംപിള്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നല്‍കിയതായാണ് കണ്ടെത്തിയത്. ആശുപത്രി രജിസ്റ്ററിലെ പേരും പ്രതിയുടെ പേരും തമ്മില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ നടത്തിയ പരിശോധനയിലാണ് തെളിവില്ലാതാക്കാന്‍ ഗൂഢാലോചന നടന്നതായി കണ്ടെത്തിയത്.
കഴിഞ്ഞവര്‍ഷം ഒക്ടോബറിലായിരുന്നു സംഭവം. യുവതി പാര്‍ട്ടിക്കും പോലിസിനും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സജിമോനെ എല്‍സി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ യുവതിയെക്കൊണ്ട് പാര്‍ട്ടി നേതൃത്വം ഇടപെട്ട് പരാതി പിന്‍വലിപ്പിച്ചു. എന്നാല്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് കേസ് പോലിസ് അന്വേഷിക്കുകയും ഡിഎന്‍എ പരിശോധന നടത്തുകയുമായിരുന്നു. സജിമോന്റെ രക്തസാംപിള്‍ ഉപയോഗിച്ച് പിന്നീട് ഡിഎന്‍എ പരിശോധന നടത്തി. കേസിന്റെ അന്വേഷണച്ചുമതല പത്തനംതിട്ട അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി എസ് റഫീഖിനാണ്.

RELATED STORIES

Share it
Top