സിപിഎം രാഷ്ട്രീയം കളിക്കുന്നെന്ന് ആരോപണം; കിറ്റ് വിതരണം നിര്‍ത്തിവച്ചു

പരപ്പനങ്ങാടി: പ്രളയബാധിതരായ തിരൂരങ്ങാടി ബ്ലോക്കിനു കീഴിലെ എസ്‌സി കോളനിയിലേക്കുള്ള കിറ്റ് വിതരണത്തില്‍ സിപിഎം രാഷ്ട്രീയം കളിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചതിനു പിന്നാലെ കിറ്റ് വിതരണം തല്‍കാലത്തേക്ക് നിര്‍ത്തിവച്ചതായി ബ്ലോക്ക് എസ്‌സി ഓഫിസര്‍ അറിയിച്ചു.
പ്രളയബാധിതരായ ദലിത് കുടുംബങ്ങള്‍ക്ക് തിരൂരങ്ങാടി ബ്ലോക്കിന് കീഴില്‍ നല്‍കുന്ന സര്‍ക്കാര്‍ കിറ്റ് ആണ് സിപിഎം ദുരുപയോഗം ചെയ്യുന്നതായി പരപ്പനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചത്. പ്രളയദുരിതം കൂടുതല്‍ ബാധിച്ച പരപ്പനങ്ങാടി പതിനഞ്ചാം ഡിവിഷന്‍ മുങ്ങാത്തംതറ കോളനിയിലെ ദലിതരായ 40ഓളം കുടുംബങ്ങളെ ലിസ്റ്റില്‍ നിന്നു വെട്ടിമാറ്റി. ഭരണകക്ഷിയിലെ പാര്‍ട്ടി അംഗങ്ങള്‍ നല്‍കുന്ന പട്ടികയാണ് ലിസ്റ്റിന് ആധാരമായി അധികാരികള്‍ തിരഞ്ഞെടുക്കുന്നത്.
മുനിസിപ്പാലിറ്റിയിലെ അര്‍ഹരായ മുഴുവന്‍ എസ്‌സി കുടുംബങ്ങള്‍ക്കും കിറ്റ് നല്‍കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇന്നുനടക്കുന്ന കിറ്റ് വിതരണം തടസ്സപ്പെടുത്തുമെന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി ഒ സലാം മുന്നറിയിപ്പ് നല്‍കിയിരുന്നു. സിപിഎമ്മിന്റെ ശുപാര്‍ശകള്‍ മാത്രം നടപ്പാക്കുന്ന ഭരണാധികാരികള്‍ പക്ഷപാതം കാണിക്കാതെ അര്‍ഹതപ്പെട്ട മുഴുവന്‍ കുടുംബങ്ങളോടും നീതി പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂര്‍ണമായും കിറ്റ് എത്തിയിട്ടില്ലെന്നും എത്തിയ കിറ്റുകള്‍ വിതരണം ചെയ്യാമെന്നാണ് കരുതുന്നതെന്നും ഇനി മുഴുവന്‍ കിറ്റുകളും ലഭ്യമായശേഷം മുഴുവന്‍ പേര്‍ക്കും വിതരണം ചെയ്യാമെന്നും എസ്‌സി ഓഫിസര്‍ അറിയിച്ചു.പ്രതിഷേധ സമരം നിര്‍ത്തിവച്ചതായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി ഒ സലാം അറിയിച്ചു.

RELATED STORIES

Share it
Top