സിപിഎം മുന്‍കൈയെടുത്ത് അക്രമം നടത്തില്ല: പി ജയരാജന്‍

കണ്ണൂര്‍: ഇതര പാര്‍ട്ടികളെ കായികമായി ആക്രമിക്കുക എന്നത് സിപിഎമ്മിന്റെ നയമല്ലെന്നും സിപിഎം മുന്‍കൈയെടുത്ത് അക്രമം നടത്തില്ലെന്നും ജില്ലാ സെക്രട്ടറി പി ജയരാജന്‍. കണ്ണൂര്‍ പ്രസ്‌ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ സമാധാനത്തിനും വികസനത്തിനുമാണ് പാര്‍ട്ടി ഊന്നല്‍ നല്‍കുന്നത്. എന്നാല്‍, എന്നാല്‍ സംഘപരിവാരത്തിന്റെ രീതി അതല്ല. മുസ്‌ലിം-ക്രിസ്ത്യന്‍-കമ്മ്യൂണിസ്റ്റ് വിരോധമാണ് അവരുടെ നയം. അസഹിഷ്ണുതയുടെ ആശയങ്ങള്‍ പ്രചരിപ്പിച്ച് അക്രമം അഴിച്ചുവിടുകയാണ്. ഇതിനായി പ്രത്യേക പരിശീലനം നേടിയവരെ ആര്‍എസ്എസ് വളര്‍ത്തിയിട്ടുണ്ട്. സമാധാന യോഗങ്ങള്‍ക്ക് ശേഷവും അക്രമം തുടരുകയാണ്. അപ്പോള്‍ സ്വാഭാവികമായും സിപിഎമ്മിന് ചില പ്രയാസങ്ങള്‍ കാണും. പൊതുസ്ഥലങ്ങളിലെ രാഷ്ട്രീയ പ്രചാരണം തടയുന്ന പോലിസ് നടപടി അംഗീകരിക്കില്ല. കേരളത്തെക്കുറിച്ച് അറിയാത്ത ചില ഐപിഎസ് ഉദ്യോഗസ്ഥരാണ് ഇതിനു പിന്നില്‍. വികസന പദ്ധതികള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മില്‍ സമവായം ആവശ്യമാണ്. എന്നാല്‍ ജനങ്ങളുടെ അസംതൃപ്തി മുതലെടുത്ത് ജനവികാരം കുത്തിയിളക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍. കീഴാറ്റൂര്‍ ബൈപാസിനെതിരേ ബിജെപിയും ചില മതമൗലികവാദ സംഘടനകളും രംഗത്തിറങ്ങി. സിപിഐയും പിന്തുണ നല്‍കി. ബൈപാസിന്റെ രൂപരേഖ നിശ്ചയിച്ചത് എല്‍ഡിഎഫോ സിപിഎമ്മോ അല്ല. കേന്ദ്ര ദേശീയപാത അതോറിറ്റിയാണ്. കീഴാറ്റൂരിലെ ജനങ്ങള്‍ പഴയ നിലപാടില്‍നിന്ന് പിറകോട്ട് പോവുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. ചില സംഘടനാ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ പ്രവര്‍ത്തനം. പാര്‍ട്ടി എന്നാല്‍ വ്യക്തിയല്ല, കൂട്ടായ്മയാണ്. ചില വ്യക്തികളെ അല്ല ഉയര്‍ത്തിക്കാട്ടേണ്ടത്. സിപിഎം വ്യക്തിപൂജയെ പ്രോല്‍സാഹിപ്പിക്കുന്നില്ല. സാമുദായിക പ്രാതിനിധ്യം അടിസ്ഥാനമാക്കിയല്ല അംഗങ്ങള്‍ക്ക് ജില്ലാ കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കുന്നത്. എന്നാല്‍ ചില സാമൂഹിക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്നും പി ജയരാജന്‍ വ്യക്തമാക്കി. പ്രസ്‌ക്ലബ് പ്രസിഡന്റ് എ കെ ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ഖജാഞ്ചി സിജി ഉലഹന്നാന്‍ നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top