സിപിഎം-ബിജെപി സംഘര്‍ഷം; വൈക്കത്ത് വീടുകള്‍ക്കു നേരേ കല്ലേറ്‌വൈക്കം: സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ വൈക്കത്തിന്റെ ക്രമസമാധാനനില തകര്‍ക്കുന്നു. മറവന്‍തുരുത്ത് പഞ്ചായത്തിനെയാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളിലും മറ്റും സഞ്ചരിക്കന്നവരെ പോലിസ് പിടിച്ചുനിര്‍ത്തി പരിശോധിക്കുകയാണ്. പലപ്പോഴും നിരപരാധികളാണ് ഇവരുടെ പരിശോധനയില്‍ കുടുങ്ങുന്നത്. ചെമ്മനാകരി ഇന്തോ അമേരിക്കന്‍ ആശുപത്രിയെയും സംഘര്‍ഷം കുഴപ്പത്തിലാക്കിയിരിക്കുകയാണ്. മറവന്തുരുത്ത് പഞ്ചായത്തിലെ ചെമ്മനാകരി, കൊടൂപ്പാടം മേഖലയില്‍ രാത്രികാലങ്ങളില്‍ വീടുകള്‍ക്കു നേരെ കല്ലേറ് നടത്തുന്നത് നിത്യസംഭവമാവുന്നു. ഇന്നലെ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെയാണു കല്ലേറുണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നു ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയും കല്ലേറുണ്ടായി. ബൈക്കില്‍ എത്തിയാണ് കല്ലെറിയുന്നത്. സിപിഎം പ്രവര്‍ത്തകരായ ഷംസുദ്ദീന്‍, ഷാജി, സാബു, രമേശന്‍, ശശി എന്നിവരുടെ വീടുകള്‍ക്ക് നേരെ ഇന്നലെ രാത്രി കല്ലേറുണ്ടായതായി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. എല്ലായിടത്തും വീടിന്റെ ജനാല ചില്ലുകളാണ് എറിഞ്ഞു തകര്‍ത്തിരിക്കുന്നത്. സിപിഎമ്മും ബിജെപിയും പരസ്പരം പഴി ചാരുകയും സംഭവങ്ങളില്‍ അവര്‍ നിരപരാധികളാണെന്നും പറയുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലിസ് സംശയിക്കുന്നു. തൊട്ടടുത്ത് നിന്നാണ് എല്ലായിടത്തും കല്ലേറുണ്ടായിരിക്കുന്നത്.

RELATED STORIES

Share it
Top