സിപിഎം ബാന്ധവം: തദ്ദേശസ്ഥാപനങ്ങളില്‍ ഭണമാറ്റത്തിന് സാധ്യതകോട്ടയം: കേരളാ കോണ്‍ഗ്രസ്സു (എം)മായി യാതൊരു തരത്തിലുള്ള ധാരണയ്ക്കും തയ്യാറല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം നിലപാട് കടുപ്പിച്ചതോടെ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണമാറ്റത്തിനു കളമൊരുങ്ങുന്നു. ഈമാസം ഒമ്പതിന് ചേരുന്ന രാഷ്ട്രീയകാര്യസമിതിയിലാവും തദ്ദേശസ്ഥാപനങ്ങളിലെ ധാരണ തുടരണമോയെന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. കേരളാ കോണ്‍ഗ്രസ്സിന്റെ പിന്തുണ കോണ്‍ഗ്രസ് നിരാകരിക്കുന്നതോടെ സംസ്ഥാനത്തെ 70ലധികം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണത്തിലാണ് അനിശ്ചിതത്വം ഉടലെടുക്കുക. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളെയാണ് പുതിയ രാഷ്ട്രീയനീക്കം കൂടുതലായി ബാധിക്കുക. കോട്ടയത്ത് ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ 40 തദ്ദേശസ്ഥാപനങ്ങളിലാണ് കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസ്സും ചേര്‍ന്നു ഭരിക്കുന്നത്. ഇതില്‍ ജില്ലാ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസ്സിന് നഷ്ടമായി. ആകെയുള്ള ഒമ്പത് ബ്ലോക്ക് പഞ്ചായത്തുകളിലും കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസ്സും ചേര്‍ന്നാണു ഭരിക്കുന്നത്. ധാരണ തെറ്റുന്നതോടെ മൂന്നിടത്തു കേരളാ കോണ്‍ഗ്രസ്സിനും രണ്ടിടത്ത് കോണ്‍ഗ്രസ്സിനും ഭരണം നഷ്ടമാവും. കേരളാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന 16 പഞ്ചായത്തുകളാണുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷന്‍മാരുള്ള 24 പഞ്ചായത്തുകളുമുണ്ട്. ഇതില്‍ 14 സ്ഥലത്തെങ്കിലും കോണ്‍ഗ്രസ്സിന് ഭരണപ്രതിസന്ധിയുണ്ടാവും. കോണ്‍ഗ്രസ്സിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ കോട്ടയം നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ്സിന്റെ നിലപാട് യാതൊരു ചലനവുമുണ്ടാക്കില്ല. ചങ്ങനാശ്ശേരി നഗരസഭയില്‍ ഏഴ് അംഗങ്ങളുടെ കേരളാ കോണ്‍ഗ്രസ്സിന്റെ നിലപാടനുസരിച്ചായിരിക്കും ഭരണമാറ്റം. ഏറ്റുമാനൂര്‍ നഗരസഭയിലും പുതിയ നീക്കങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കും. അതേസമയം, പാല മുനിസിപ്പാലിറ്റി കേരളാ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കും. കോട്ടയത്തെ 30 പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസ്സും ഒരുമിച്ചാണ് ഭരിക്കുന്നത്. ഇരുകൂട്ടര്‍ക്കും 15 വീതം പഞ്ചായത്തുകളില്‍ ഭരണം നഷ്ടമാവും. സഖ്യമുള്ള പാല നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ്സിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട്. ഇടുക്കി ജില്ലാ പഞ്ചായത്ത്, തൊടുപുഴ, കട്ടപ്പന നഗരസഭകളിലും ഇരുകൂട്ടരുടെയും നിലപാട് നിര്‍ണായകമാണ്. ഇടുക്കിയില്‍ മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളിലും 12 പഞ്ചായത്തുകളിലും കേരളാ കോണ്‍ഗ്രസ് പിന്തുണയിലാണ് കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ ഭരിക്കുന്നത്. അഞ്ച് പഞ്ചായത്തുകളില്‍ കേരളാ കോണ്‍ഗ്രസ്സിന് പ്രസിഡന്റ് സ്ഥാനമുണ്ട്. എന്നാല്‍, ഇടുക്കിയില്‍ ജോസഫ് വിഭാഗത്തിന്റെ നിലപാടാണു നിര്‍ണായകമാവുക. മാണിയുടെ പുതിയ നിലപാടില്‍ അതൃപ്തരാണ് ജോസഫ് ഗ്രൂപ്പ്. പത്തനംതിട്ട ജില്ലയില്‍ തിരുവല്ല നഗരസഭയിലും ഏതാനും പഞ്ചായത്തുകളിലും ഭരണമാറ്റമുണ്ടാവും. എറണാകുളം ജില്ലയില്‍ രണ്ടു പഞ്ചായത്തുകളിലും തൃശൂരിലെ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലും പ്രതിസന്ധിയുണ്ടാവും.

RELATED STORIES

Share it
Top