സിപിഎം-പോലിസ് ഭീകരതയ്‌ക്കെതിരേ എസ്ഡിപിഐ റാലി; ജില്ലാ ജനറല്‍ സെക്രട്ടറിയടക്കം 42 പേരെ അറസ്റ്റ് ചെയ്തു

തൃശൂര്‍: എറണാകുളം മഹാരാജാസ് കോളജില്‍ നടന്ന കൊലപാതകത്തിന്റെ മറ പിടിച്ച് രാഷ്ട്രീയ പകപോക്കല്‍ നടത്തുന്ന സിപിഎം-പോലിസ് നടപടിക്കെതിരേ എസ്ഡിപിഐ തൃശൂരില്‍ പ്രതിഷേധ റാലി നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി കെ വി അബ്ദുല്‍ നാസര്‍ അടക്കം 42 പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.
മഹാരാജാസ് കോളജില്‍ നടന്ന സംഭവത്തിന്റെ മറവില്‍ സംസ്ഥാന വ്യാപകമായി പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി. ഇന്നലെ വൈകീട്ട് 4.30ന് കോര്‍പറേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി കോര്‍പറേഷന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം ജില്ലാ ജനറല്‍ സെക്രട്ടറി കെ വി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു.
മഹാരാജാസ് സംഭവത്തിന്റെ മറവില്‍ എസ്ഡിപിഐയെ പ്രതിരോധത്തിലാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണക്കാരുടെ ചട്ടുകമായി പോലിസ് പ്രവര്‍ത്തിച്ചാല്‍ പൗരന്‍മാര്‍ക്ക് നീതി നിഷേധിക്കപ്പെടും. പോലിസിന്റെ വിശ്വാസ്യതയും നിശ്പക്ഷതയും നഷ്ടപ്പെടുന്നത് ജനാധിപത്യത്തെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം നടത്തിയവര്‍ക്കെതിരേ മുന്‍വധികള്‍ മാറ്റിവച്ചുള്ള അന്വേഷണം നടക്കണം. അഭിമന്യുവിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയതാണെന്ന് സഹോദരന്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ അന്വേഷണം ആ ദിശയിലും നീങ്ങണം.
അഭിമന്യുവിന് വന്ന ഫോ ണ്‍ കോളുകള്‍ പരിശോധിക്കണം. കൊലയില്‍ എസ്എഫ്‌ഐക്കെതിരേ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മഹാരാജാസ് കോളജിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ദൃശ്യങ്ങ ള്‍ പുറത്ത് വിടാന്‍ തയ്യാറാവണമെന്നും കെ വി അബ്ദുല്‍ നാസര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ബി കെ ഹുസൈന്‍ തങ്ങള്‍, സെക്രട്ടറി അഷ്‌റഫ് വടക്കൂട്ട്, ഷെമീര്‍ ബ്രോഡ്‌വേ എന്നിവരും സംസാരിച്ചു.
ഇതിനിടെ പോലിസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് ബി കെ ഹുസൈന്‍ തങ്ങള്‍, സെക്രട്ടറിമാരായ അഷ്‌റഫ് വടക്കൂട്ട്, സുബ്രഹമണ്യന്‍, ഖജാഞ്ചി ഷെമീര്‍ ബ്രോഡ്‌വേ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ബി അബൂതാഹിര്‍, അക്ബര്‍ എടക്കഴിയൂര്‍, കബീര്‍ പഴുന്നാന, അനീസ് കൊടുങ്ങല്ലൂര്‍ എന്നിവരടക്കം 42 പേരെയാണ് വെസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top