സിപിഎം-പോലിസ് ഭീകരതയ്ക്ക് താക്കീതായി എസ്ഡിപിഐ റാലി

കോട്ടയം: എറണാകുളം മഹാരാജാസിലുണ്ടായ സംഭവത്തിന്റെ പേരില്‍ പാര്‍ട്ടിക്കെതിരേ സിപിഎമ്മും പോലിസും നടത്തിവരുന്ന ഭീകരതയ്‌ക്കെതിരേ കോട്ടയത്ത് നടത്തിയ എസ്ഡിപിഐ റാലിയില്‍ പ്രതിഷേധമിരമ്പി. പ്രവര്‍ത്തകരുടെ വീടുകളിലും പാര്‍ട്ടി ഓഫിസുകളിലും കയറി പോലിസ് നടത്തുന്ന തേര്‍വാഴ്ച അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നേരിടേണ്ടിവരുമെന്ന് എസ്ഡിപിഐ മുന്നറിയിപ്പ് നല്‍കി. തിരുനക്കര ഗാന്ധിസ്‌ക്വയറില്‍നിന്നാരംഭിച്ച പ്രതിഷേധ റാലി നഗരംചുറ്റി തിരുനക്കര പഴയ പോലിസ് സ്‌റ്റേഷന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സി എച്ച് ഹസീബ് ഉദ്ഘാടനം ചെയ്തു. മഹാരാജാസ് കോളജില്‍ ഒരു വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ സംഘര്‍ഷത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലിസ് പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 15 പേര്‍ മാത്രമാണ് പ്രതികളെന്നാണ് പോലിസ് പറയുന്നത്.
മറുവശത്ത് 150 ഓളം പേരുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അതുകൊണ്ട് യാഥാര്‍ഥ്യം മനസ്സിലാക്കുന്നതിന് സിസി ടിവി ദൃശ്യങ്ങള്‍ പോലിസ് വെളിപ്പെടുത്തണം. ആക്രമിച്ചത് 15 പേരെന്ന് പറയുകയും കേരളത്തില്‍ വ്യാപകമായി എസ്ഡിപിഐയ്ക്ക് പിന്നാലെ പോലിസ് പോവുന്നതെന്തിനാണ്. സിപിഎമ്മിന്റെ നിര്‍ദേശമനുസരിച്ച് പല വീടുകളിലും പോലിസ് കയറി കുടുംബങ്ങളെ ഭയപ്പെടുത്തുകയാണ്. മുമ്പ് സിപിഎം ആരോപണവിധേയരായ കൊലക്കേസുകളില്‍ പാര്‍ട്ടി ഓഫിസുകള്‍ റെയ്ഡ് ചെയ്യാന്‍ പോലിസ് തയ്യാറായില്ല.
എസ്ഡിപിഐയുടെ രാഷ്ട്രീയമുന്നേറ്റത്തെ സിപിഎം ഭയപ്പെടുന്നതുകൊണ്ടാണ് ഈ വേട്ടയാടല്‍. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കേരളത്തില്‍ പ്രതിപക്ഷമില്ല, ഭരണപക്ഷം മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ വൈസ് പ്രസിഡന്റ് യു നവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷെമീര്‍ അലിയാര്‍ വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി പി കെ സിറാജുദ്ദീന്‍ ജില്ലാ ഖജാഞ്ചി സി ഐ മുഹമ്മദ് സിയാദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എ മുഹമ്മദ് സാലി, ബിലാല്‍ വൈക്കം, കെ യു അലിയാര്‍, മണ്ഡലം ഭാരവാഹികളായ ഷെഫീഖ് റസ്സാഖ്, അക്ബര്‍, നൗഷാദ്, അയ്യൂബ് കൂട്ടിക്കല്‍, അഷ്‌റഫ് ആലപ്ര, ഷമീര്‍ കേരള പ്രവാസി ഫോറം സംസ്ഥാന പ്രസിഡന്റ് സുലൈമാന്‍ മൗലവി  പങ്കെടുത്തു.

RELATED STORIES

Share it
Top