സിപിഎം- പോലിസ് ഒത്തുകളിയുടെ ഭാഗം ; ഓപറേഷന്‍ ഗുണ്ടാ കര്‍മ പരിപാടി: എ എ ഷുക്കൂര്‍ആലപ്പുഴ: സിപിഎം താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പോലിസ് നടപ്പാക്കിയ ഓപറേഷന്‍ ഗുണ്ടാ കര്‍മ്മ പരിപാടി ശുദ്ധതട്ടിപ്പാണെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ ആരോപിച്ചു.
ജില്ലയിലെ സി.പി.എം നേതൃത്വം ഏതാണ്ട് തീരുമാനിച്ച് പോലീസിന് കൈമാറിയ ലിസ്റ്റ് പ്രകാരമാണ് ഓപ്പറേഷന്‍ ഗുണ്ടാ കര്‍മ്മ പരിപാടി ആരംഭിച്ചിട്ടുള്ളത്. ഇത്തരം ക്രിമിനല്‍ സംഘങ്ങളെ തങ്ങളുടെ വരുതിക്ക് നിര്‍ത്തുവാനും,ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുന്നതിനും പോലീസുമായി ചേര്‍ന്നു നടത്തുന്ന ഈ പരിപാടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ്. 308 ക്രിമനലുകളെ അറസ്റ്റ് ചെയ്തു വിട്ടയക്കുകയാണ് ഉണ്ടായത്. കാപ്പ നിയമപ്രകാരം തടവിലാക്കാന്‍ കഴിയുന്ന നിരവധി ക്രിമിനലുകള്‍ ഉണ്ടായിട്ടും ഒരാള്‍ക്കെതിരെപോലും നടപടി ഉണ്ടായില്ല എന്നത് ആരോപണം ശരിവെക്കുകയാണ്.
ജില്ലയില്‍ അടുത്തകാലത്ത് നടന്നിട്ടുള്ള കൊലപാതകങ്ങള്‍, സ്ത്രീ പീഢനം, മയക്കുമരുന്ന് കടത്ത്, പിടിച്ചുപറി, മണല്‍ കടത്ത്, ക്രിമിനലുകള്‍ക്കെതിരെ പരാതി നല്‍ുന്നവരുടെ വീട് അടിച്ചു തകര്‍ക്കുക എന്നീ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ക്രിമിനലുകള്‍ക്ക് നേരിട്ടോ, പരോക്ഷമായോ സി.പി.എമ്മുമായി ബന്ധമുണ്ട് എന്ന് ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. സിപിഎം ഇത്തരം ക്രിമിനല്‍ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ജില്ലയെ ഇപ്പോള്‍ സംഘര്‍ഷ ഭരിതമാക്കിയിരിക്കുന്നത്. ഇത് അവസാനിപ്പിക്കുവാനെന്ന പേരില്‍ ആരംഭിച്ചിട്ടുള്ള ഓപ്പറേഷന്‍ ഗുണ്ടാ കര്‍മ്മപരിപാടി ജനങ്ങളുടെ മുന്നില്‍ ജാള്യത മറയ്ക്കുവാന്‍ സി.പി.എമ്മും, പോലീസും ചേര്‍ന്നു നടത്തുന്ന ഒത്തുകളി നാടകമാണെന്നും ഷുക്കൂര്‍ കുറ്റപ്പെടത്തി.
കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞു പുറത്തുവന്നവര്‍ പോലും വീണ്ടും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നത് ഇവര്‍ക്ക് പിന്നലുള്ള രാഷ്ട്രീയ പിന്‍ബലം ഉള്ളതു കൊണ്ടാണ്. ഇടത് സര്‍ക്കാര്‍ വന്നതിന് ശേഷം കാപ്പ നിയമം ഫലപ്രദമായി വിനിയോഗിച്ചിട്ടല്ലെന്നും ഷുക്കൂര്‍ പറഞ്ഞു.

RELATED STORIES

Share it
Top