സിപിഎം പുതിയ സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരണം അടുത്തമാസം

തിരുവനന്തപുരം: സിപിഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടേറിയറ്റ് അടുത്തമാസം ചേരുന്ന സംസ്ഥാനസമിതി തിരഞ്ഞെടുക്കും. മെയ് രണ്ട് മൂന്ന് തിയ്യതികളിലാണ് സംസ്ഥാനസമിതി ചേരുക.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പെടെ മൂന്നു പുതുമുഖങ്ങളെങ്കിലും പുതിയ സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചേക്കും. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് 10ാംനാള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരിക്കാനാണ് സിപിഎം തീരുമാനം. പുതിയ അംഗങ്ങളെക്കുറിച്ചു പ്രാഥമിക ധാരണയുണ്ടാക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുക്കുന്ന കേന്ദ്രകമ്മിറ്റിയംഗങ്ങളുടെ യോഗം 26നു തിരുവനന്തപുരത്തു ചേരുന്നുണ്ട്.
കണ്ണൂരില്‍ നിന്നും പി ജയരാജന്‍ സെക്രട്ടേറിയറ്റിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. വ്യക്തിപൂജാ വിവാദത്തെത്തുടര്‍ന്ന് വിമര്‍ശനമേറ്റുവാങ്ങിയ ജയരാജനെ കണ്ണൂരില്‍ സെക്രട്ടറിയായി നിലനിര്‍ത്തുന്നതിനോടു സംസ്ഥാനനേതൃത്വത്തിന് താല്‍പര്യമില്ല. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിനുശേഷം 15 അംഗ സെക്രട്ടേറിയറ്റിനാണ് സിപിഎം രൂപംനല്‍കിയത്.
വി വി ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഇതില്‍ ഒരു ഒഴിവു നിലവിലുണ്ട്. ഇതിലായിരിക്കും പി ജയരാജനെ ഉള്‍പ്പെടുത്തുക. രണ്ടു പുതുമുഖങ്ങള്‍ കേന്ദ്രകമ്മിറ്റിയിലെത്തിയാല്‍, തോമസ് ഐസക്ക് ഉള്‍പ്പെടെ മുതിര്‍ന്ന രണ്ടംഗങ്ങളെ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കും.
പകരം ജി സുധാകരന്‍, എം വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകള്‍ സജീവമാണ്. 80 വയസ്സ് പിന്നിട്ടെങ്കിലും, ആനത്തലവട്ടം ആനന്ദനെ നിലനിര്‍ത്താനാണ് സാധ്യത.

RELATED STORIES

Share it
Top