സിപിഎം നേതൃമാറ്റം: യെച്ചൂരിക്ക് നിര്‍ണായകം

ഹൈദരാബാദ്: 22ാമത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍ നാളെ തുടങ്ങുമ്പോള്‍ കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച ഭിന്നത പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റംകൊണ്ടുവരുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രകാശ് കാരാട്ട് സ്ഥാനമൊഴിഞ്ഞപ്പോള്‍ പകരം എസ് രാമചന്ദ്രന്‍പിള്ളയെ നിയോഗിക്കാന്‍ കേരള ഘടകം നടത്തിയ നീക്കം ഹൈദരാബാദിലും ഉണ്ടാവാനുള്ള സാധ്യതയാണ് ഈ ആകാംക്ഷയുടെ ആക്കം കൂട്ടുന്നത്.
ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഒരാള്‍ക്ക് മൂന്ന് ടേം വരെ തുടരാം. യെച്ചൂരി ഒരു ടേം മാത്രമാണു പൂര്‍ത്തിയാക്കിയത്. എന്നാല്‍, അദ്ദേഹത്തിന് പോളിറ്റ്ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും വേണ്ടത്ര പിന്തുണയില്ല. കോണ്‍ഗ്രസ് സഹകരണത്തെ പൂര്‍ണമായും തള്ളുന്ന കാരാട്ടിന്റെ നിലപാടിനായിരുന്നു പിബിയിലും സിസിയിലും മേല്‍ക്കൈ. പാര്‍ട്ടി കോണ്‍ഗ്രസ്സിലും പരാജയം നേരിട്ടാല്‍ സീതാറാം യെച്ചൂരിക്ക് ജനറല്‍ സെക്രട്ടറി സ്ഥാനത്തു തുടരുന്നതില്‍ ധാര്‍മിക പ്രശ്‌നമുണ്ട്. ഒപ്പം കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണയ്ക്കുന്ന സീതാറാം യെച്ചൂരിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റാനുള്ള നീക്കങ്ങള്‍ കാരാട്ട് പക്ഷം ശക്തമാക്കും. കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണയ്ക്കുന്ന യെച്ചൂരി നിലപാടിനെ പ്രധാനമായും എതിര്‍ക്കുന്നത് കേരള ഘടകമാണ്്. അതുകൊണ്ടുതന്നെ വിഷയത്തില്‍ കേരള ഘടകത്തിന്റെ നിലപാട് നിര്‍ണയകമാവും.
എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ യെച്ചൂരി തന്നെ ജനറല്‍ സെക്രട്ടറി പദവിയില്‍ തുടരാനാണു സാധ്യത. ഇനി യെച്ചൂരി മാറുകയാണെങ്കില്‍ ത്രിപുര മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍, പിബി അംഗങ്ങളായ വൃന്ദ കാരാട്ട്, ബി വി രാഘവലു, എം എ ബേബി എന്നിവരുടെ പേരുകളാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്.
അതേസമയം, 80 വയസ്സു തികഞ്ഞ  മലയാളിയായ എസ് രാമചന്ദ്രന്‍പിള്ള  പോളിറ്റ്ബ്യൂറോയില്‍ നിന്നും കേന്ദ്രകമ്മിറ്റിയില്‍ നിന്നും ഒഴിയുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. പി കെ ഗുരുദാസനും കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിയും. അതിനാല്‍ കേരളത്തില്‍ നിന്ന് സിസിയിലും പിബിയിലും പുതുമുഖങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്.
കേരളത്തില്‍ നിന്നാണെങ്കില്‍ എ കെ ബാലനോ തോമസ് ഐസക്കോ പിബിയിലെത്തും. എന്നാല്‍, രാമചന്ദ്രന്‍പിള്ളയ്ക്കു പകരം  മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷക നേതാവ് അശോക് ധാവ്‌ളെയെ പരിഗണിക്കുമെന്നും റിപോര്‍ട്ടുണ്ട്.
എസ്ആര്‍പിയെ കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവായി നിലനിര്‍ത്താനാണു സാധ്യത. സിപിഎമ്മിന്റെ പട്ടികജാതി സംഘടനയുടെ ദേശീയ പ്രസിഡന്റായ കെ രാധാകൃഷ്ണന്‍ സിസിയിലെത്തുമെന്നാണു കരുതുന്നത്്. സംസ്ഥാന സെക്രട്ടേറിയറ്റിലെ സീനിയോറിറ്റി പരിഗണിക്കുമ്പോള്‍ എം വി ഗോവിന്ദന്‍, ബേബി ജോണ്‍ എന്നിവര്‍ക്കും അവസരം നല്‍കേണ്ടതുണ്ട്. യുവനേതാക്കളെ പരിഗണിച്ചാല്‍ കെ എന്‍ ബാലഗോപാല്‍, എം ബി രാജേഷ്, പി രാജീവ് എന്നിവരില്‍ നിന്ന് ഒരാള്‍ക്കാവും അവസരമുണ്ടാവുക.

RELATED STORIES

Share it
Top