സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ സമരത്തിന്‌

നാദാപുരം:  പാര്‍ട്ടി നേതൃത്വവും സിഐടിയുവും അനുകൂലമായ ഉടുമ്പിറങ്ങി മലയിലെ ഖനനത്തിനെതിരേ ഡിവൈഎഫ്‌ഐ സമരത്തിന്. ഡിവൈഎഫ്‌ഐ സംസ്ഥാന ജില്ലാ നേതാക്കള്‍ ഇന്നും നാളെയുമായി ഉടുമ്പിറങ്ങി മല സന്ദര്‍ശിക്കും. വിലങ്ങാട് മലയോരത്തെ അറുപത് ഏക്കറിലധികം ഭൂമിയിലാണ് ക്വാറി. ആദിവാസി കോളനിയുടെയും ഹൈസ്‌കൂളിന്റെയും സമീപത്താണ് ഖനനം നടത്താന്‍ ഒരുങ്ങുന്നത്. ഇതിനെതിരേ നാട്ടുകാര്‍ നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നു.
മുമ്പ് ഡിവൈഎഫ്‌ഐ ശക്തമായ സമരം നടത്തിയതോടെയാണ് ക്വാറി നിര്‍മാണം നിര്‍ത്തിവച്ചത്. കെ കെ രാഗേഷ് എംഎല്‍എയായിരുന്നു അന്ന് സമരത്തിന് നേതൃത്വം നല്‍കിയത്. സമരത്തിനിടെ ക്വാറിയില്‍ പണിയെടുക്കാനെത്തിച്ച ഒരു ജെസിബി കത്തി നശിച്ചിരുന്നു. അതിന് ശേഷം രണ്ട് വര്‍ഷം ഇവിടെ യാതൊരു പ്രവര്‍ത്തിയും നടന്നിരുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വീണ്ടും പണി ആരംഭിക്കുകയായിരുന്നു. ക്വാറി നിര്‍ത്തിയ സ്ഥലത്ത് കൃഷി നടത്തുകയാണെന്ന പേരില്‍ പണി പുനരാരംഭിക്കുകയായിരുന്നു. ക്വാറിയിലേക്ക് റോഡ് നിര്‍മിക്കാന്‍ വേണ്ടി പഞ്ചായത്തിന് അപേക്ഷ നല്‍കുകയും സ്വന്തമായി റോഡ് പണിയുകയും ചെയ്തു. ക്വാറി പ്രദേശത്ത് ക്രഷര്‍ നിര്‍മിക്കാനായി സ്ഥലം നിരപ്പാക്കിയതായി നേരത്തെ തേജസ്് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തൊഴിലാളികളുടെ തൊഴില്‍ പ്രശ്‌നവും മറ്റും ചൂണ്ടികാണിച്ച് സിഐടിയുവും സിപിഎമ്മും നേരത്തെയും ക്വാറിക്ക് വേണ്ടിയാണ് നില കൊണ്ടിരുന്നത്. എന്നാല്‍  ഡിവൈഎഫ്്‌ഐ അന്നു മുതല്‍ ക്വാറിക്കെതിരായിരുന്നു. നേരത്തെ ക്വാറി പ്രവര്‍ത്തിപ്പിക്കാന്‍ പഞ്ചായത്ത് ലൈസന്‍സ് നല്‍കിയതിനെതിരേ മുസ്‌ലിം ലീഗിലും പ്രതിഷേധമുയര്‍ന്നിരുന്നു. പശ്ചിമഘട്ട മലനിരകളില്‍പ്പെട്ട  ഉടുമ്പിറങ്ങി മലയില്‍ വന്‍കിട ഖനനം നടത്താനുള്ള മാഫിയയുടെ തീരൂമാനത്തിനെതിരെ ശക്തമായ സമരം നടത്തുമെന്നും ഒരു കാരണവശാലും ഖനനം അനുവദിക്കില്ലെന്നും ഡിവൈഎഫ്്‌ഐ ബ്ലോക്ക് പ്രസിഡന്റ് കെ പി രാജന്‍ പറഞ്ഞു.
ജില്ലാ സംസ്ഥാന നേതാക്കളായ നിജില്‍, വസീര്‍ തുടങ്ങിയവരാണ് ഇന്ന് ക്വാറി പ്രദേശം സന്ദര്‍ശിക്കുക. ജില്ലാ കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയ ക്വാറിയില്‍ അനുവാദമില്ലാതെയാണ് ഇപ്പോള്‍ പണി നടക്കുന്നതെന്നും അധികാരികളാണ് നടപടിയെടുക്കേണ്ടതെന്നും ഡിവൈഎഫ്്്‌ഐ നേതാക്കള്‍ പറഞ്ഞു. അതേ സമയം പുതിയ ഖനനത്തിന് അനുമതി നല്‍കേണ്ടെന്നണ് മുസ്‌ലിം ലീഗ് തീരുമാനം. അതിനാല്‍ ഖനനം നടത്താന്‍ പഞ്ചായത്തില്‍ നിന്നു ലൈസന്‍സ് ലഭിക്കാനിടയില്ല.

RELATED STORIES

Share it
Top