സിപിഎം നേതാവ് എം എം നാരായണന്റെ ഭാര്യ തീവണ്ടി തട്ടി മരിച്ചു

പൊന്നാനി/കുറ്റിപ്പുറം: സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയംഗവും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയുമായ പ്രഫ. എം എം നാരായണന്റെ ഭാര്യ ജയശ്രീ (59) തീവണ്ടി തട്ടി മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനിലെ സെന്‍ട്രല്‍ ട്രാക്കില്‍ നിന്ന് ഗുഡ്‌സ് ട്രെയിന്‍ തട്ടുകയായിരുന്നു. മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് ട്രാക്ക് കുറുകെ കടക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
പള്ളപ്രം എഎല്‍പി സ്‌കൂളിലെ റിട്ട. അധ്യാപികയും കവയിത്രിയും ഗായികയുമായിരുന്നു. ഒറ്റപ്പാലം മായന്നൂര്‍ വെട്ടിയമ്പാടി മനയിലെ ദേവകി അന്തര്‍ജനത്തിന്റെയും ശങ്കരനാരായണന്‍ ഭട്ടതിരിപ്പാടിന്റെയും മകളാണ്.
കര്‍ണാടക സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ട്. ആത്മജം എന്ന സമ്പൂര്‍ണ കവിതാസമാഹാരവും പ്രസിദ്ധീകരിച്ചു.
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. മക്കള്‍: ദിലീപ് (പിആര്‍ഒ, പരിയാരം മെഡിക്കല്‍ കോളജ്), ദിവ്യ. മരുമക്കള്‍ സത്യനാരായണന്‍ (അക്കൗണ്ടന്റ്, കര്‍ണാടക ബാങ്ക്, കൊല്‍ക്കത്ത), മായ (അധ്യാപിക). സഹോദരങ്ങള്‍: കൃഷ്ണകുമാര്‍, സതി, ഗിരിജ, പരേതയായ സുധ. കുറ്റിപ്പുറം പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ഇന്ന് 9ന് ഒറ്റപ്പാലത്തെ തറവാട്ട് വീട്ടില്‍ സംസ്‌കരിക്കും.

RELATED STORIES

Share it
Top