സിപിഎം നേതാവിനെതിരേയുള്ള ലൈംഗിക പീഡനക്കേസ്‌കെട്ടിച്ചമച്ചതെന്ന് പരാതിക്കാരിയുടെ മാതാവ്‌

പൊന്നാനി: പൊന്നാനിയിലെ സിപിഎം നേതാവും തണ്ണിത്തുറ മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെതിരേ ഉയര്‍ന്നുവന്ന ലൈംഗിക ആരോപണം കെട്ടിച്ചമച്ചതെന്നു പരാതിക്കാരിയുടെ മാതാവുകൂടിയായ ഷാജഹാന്റെ ഭാര്യയുടെ വിശദീകരണം. പരാതിയുടെ പിന്നില്‍ തന്റെ രണ്ടു സഹോദരിമാരാണെന്നും മകളെക്കൊണ്ട് അവര്‍ വ്യാജ പരാതി കൊടുപ്പിക്കുകയുമാണുണ്ടായതെന്നും ഇവര്‍ പറയുന്നു.
മകളിപ്പോള്‍ ഇവരുടെ അടുത്താണു താമസിക്കുന്നത്. രാഷ്ട്രീയ വിരോധം തീര്‍ക്കാനാണു മകളെക്കൊണ്ട് ലൈംഗിക പീഡന പരാതിക്കൊടുപ്പിച്ചത്. തന്റെ ഭര്‍ത്താവായ ഷാജഹാന്‍ സ്വന്തം മകളെപ്പോലെയാണ് അവളെ നോക്കിയതെന്നും ഒരിക്കല്‍ അടിച്ചതിന്റെ പേരില്‍ മകള്‍ സഹോദരിമാരുടെ അടുത്തേയ്ക്കു പിണങ്ങിപ്പോവുകയാണുണ്ടായതെന്നും ഭാര്യ പറയുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇയാള്‍ക്കെതിരേ പൊന്നാനി പോലിസില്‍ പരാതി നല്‍കിയത്.
പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു പോലിസ്. ഇതിനിടെ എടപ്പാള്‍ പീഡനത്തില്‍ പോലിസിന് വീഴ്ച പറ്റുകയും നടപടി എടുക്കുകയും ചെയ്തതോടെയാണു ഷാജഹാനെ നാലു ദിവസം മുമ്പ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഇതോടെ മുഖം നഷ്ടപ്പെട്ട സിപിഎം പ്രാദേശിക നേതൃത്വം അറസ്റ്റിലായ നേതാവിന്റെ ഭാര്യയുടെ വിശദീകരണ  വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. ഷാജഹാന്റെ ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുള്ള പ്രായപൂര്‍ത്തിയാകാത്ത മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇയാള്‍ക്കെതിരേയുള്ള കേസ്.
ലൈംഗിക പീഡനമല്ല മാനസികമായ പീഡനമാണ് നടത്തിയതെന്നും മകളുടെ പ്രണയം തടഞ്ഞതിനുള്ള പ്രതികാരമായാണു ലൈംഗിക പീഡന പരാതിയ്ക്കു പിന്നിലെന്നുമാണ് പോലിസ് വിശദീകരണം. ഏതായാലും സിപിഎം നേതാവിന്റെ ലൈംഗിക പീഡനത്തെ തേച്ചുമാച്ചുകളയാനാണ് ഒരു വിഭാഗം പോലിസുകാരും പ്രദേശത്തെ സിപിഎം നേതൃത്വവും. സിപിഎമ്മിന് വേണ്ടി വെളിയംകോട് ഭാഗങ്ങളില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കൂടിയാണ് ഷാജഹാന്‍. പാര്‍ട്ടിക്കുവേണ്ടി ഗുണ്ടാപ്രവര്‍ത്തനം നടത്തുന്ന ഇയാളെ പരസ്യമായി തള്ളിപ്പറയാനും സിപിഎമ്മിനു കഴിയില്ല.

RELATED STORIES

Share it
Top