സിപിഎം നീക്കത്തെ ജനകീയമായി ചെറുക്കും: പോപുലര്‍ ഫ്രണ്ട്‌

കോഴിക്കോട്: മഹാരാജാസ് കോളജില്‍ നടന്ന അനിഷ്ട സംഭവത്തിന്റെ മറവില്‍ സംസ്ഥാന നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്താനുള്ള പോലിസ് നീക്കത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായി പ്രതിഷേധിച്ചു.
പോലിസിനെ ഉപയോഗിച്ച് സിപിഎം നടത്തുന്ന രാഷ്ട്രീയ പകപ്പോക്കലിനെ ജനകീയമായി നേരിടുമെന്നും സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലാത്ത സംഭവത്തില്‍ പ്രവര്‍ത്തകരെ വ്യാപകമായി പോലിസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയും വീടുകളില്‍ പരിശോധന നടത്തുകയും ചെയ്യുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. എന്നിട്ടും പോലിസുമായി പരമാവധി സഹകരിക്കാന്‍ സംഘടനാ പ്രവര്‍ത്തകര്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ എല്ലാ പരിധികളും ലംഘിച്ചാണു സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കളുടെ വീടുകളിലേക്ക് പരിശോധന വ്യാപിപ്പിച്ചിരിക്കുന്നത്.
യഥാര്‍ഥ പ്രതികളെ കണ്ടെത്തുന്നതിനു പകരം പോപുലര്‍ ഫ്രണ്ടിനെ അടിച്ചമര്‍ത്താനുള്ള സിപിഎമ്മിന്റെ സങ്കുചിത താല്‍പ്പര്യത്തിനനുസരിച്ചാണ് പോലിസ് പ്രവര്‍ത്തിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. സംഘടനയും മതവും നോക്കി പോലിസ് നടത്തുന്ന വേട്ട ജനാധിപത്യ കേരളത്തിന് അപമാനമാണ്.
എതിരാളികളെ രാഷ്ട്രീയമായി എതിരിടാനാവാത്ത സിപിഎം പോലിസിനെ ഉപയോഗിച്ച് നടത്തുന്ന ഈ നീക്കം അപകടകരമാണ്. വര്‍ഗീയമായും വിവേചനപരമായും ഇടപെടാന്‍ പോലിസിനെ നിര്‍ബന്ധിക്കുന്ന സിപിഎം ഈ വേട്ടയ്ക്ക് കനത്ത വിലനല്‍കേണ്ടി വരും.
സമ്മര്‍ദത്തിന് പിന്നിലെ രാഷ്ട്രീയം തിരിച്ചറിയാന്‍ പോലിസിന് കഴിയണം. അതിന് പകരം റെയ്ഡും കരുതല്‍ തടങ്കലുമായി മുന്നോട്ട് പോവാനാണ് നീക്കമെങ്കില്‍ അതിനെ ജനാധിപത്യപരമായി നേരിടുമെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top