സിപിഎം നിലപാട് കേരളത്തോടുള്ള വെല്ലുവിളി: രമേശ് ചെന്നിത്തല

തിരുവനന്തപുരം/കൊടുങ്ങല്ലൂര്‍:  മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്രയ്ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് എട്ട് ലക്ഷം രൂപ എടുത്തതില്‍ യാതൊരു തെറ്റുമില്ലെന്ന സിപിഎം സെക്രട്ടേറിയറ്റിന്റെ നിലപാട് കേരളത്തിന്റെ പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
അധികാരത്തിലിരിക്കുമ്പോള്‍ ഞങ്ങള്‍ എന്തും ചെയ്യുമെന്ന അഹങ്കാരത്തിന്റെ സ്വരമാണിത്. പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് തിരുവനന്തപുരത്ത് വന്ന് തിരികെ പാര്‍ട്ടി യോഗത്തിന് പോവാനാണ് മുഖ്യമന്ത്രി ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചത്. പാര്‍ട്ടി ആവശ്യത്തിന് പോവാന്‍ മുഖ്യമന്ത്രിക്ക് ധൂര്‍ത്തടിക്കാനുള്ളതല്ല ദുരിതാശ്വസ നിധിയിലെ ഫണ്ടെന്ന് സിപിഎം  മനസ്സിലാക്കണം. ഇതില്‍ തെറ്റില്ലെങ്കില്‍ എന്തിനാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കാനുള്ള ഉത്തരവ്  റദ്ദാക്കിയതെന്ന് മുഖ്യമന്തി വ്യക്തമാക്കണം. മുഖ്യമന്ത്രിയായിരിക്കെ  ഉമ്മന്‍ചാണ്ടിയും ഹെലിക്കോപ്റ്റര്‍ യാത്ര നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്  ബാലിശമാണ്.
ഉമ്മന്‍ചാണ്ടി പാര്‍ട്ടി യോഗത്തിന് പോവാന്‍ സര്‍ക്കാര്‍ പണം ധൂര്‍ത്തടിച്ചിട്ടില്ല. ജയലളിതയുടെ ശവസംസ്‌കാര ചടങ്ങിന് പ്രത്യേക വിമാനത്തിലാണ് പോയതെന്ന് മുഖ്യമന്ത്രി പറയുന്നതും ശരിയല്ല. അന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗവര്‍ണറും പ്രതിപക്ഷനേതാവും  സാധാരണ യാത്രാ വിമാനത്തിലാണ് പോയത്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഓഖി ദുരന്തം പ്രകൃതി ദുരന്തമല്ലെന്നും സര്‍ക്കാരിന്റെ അനാസ്ഥ മൂലമുണ്ടായ ദുരന്തമാണെന്നും ചെന്നിത്തല പറഞ്ഞു.

RELATED STORIES

Share it
Top