സിപിഎം ജില്ലാ സമ്മേളനം സമാപിച്ചു; സി കെ രാജേന്ദ്രന്‍ വീണ്ടും സെക്രട്ടറി

മണ്ണാര്‍ക്കാട്: മൂന്നു ദിവസമായി മണ്ണാര്‍ക്കാട്ട് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനം സമാപിച്ചു. ജില്ലാ സെക്രട്ടറിയായി സി കെ രാജേന്ദ്രനെ സമ്മേളനം തിരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ് രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറിയാകുന്നത്. യുവജനപ്രസ്ഥാനത്തിലൂടെയാണ്  പൊതുരംഗത്തെത്തിയത്. ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് രണ്ടുതവണ എംഎല്‍എയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജില്ലാ കമ്മിറ്റിയില്‍ ഒമ്പതുപേര്‍ പുതുമുഖങ്ങളാണ്. ജില്ലാ കമ്മിറ്റി അംഗങ്ങളുടെ എണ്ണം 41ല്‍ നിന്ന് 44 ആക്കി. 13ഏരിയ സെക്രട്ടറിമാര്‍ ജില്ലാ കമ്മിറ്റിയില്‍ അംഗങ്ങളാണ്. തിരഞ്ഞെടുപ്പ് ഐക്യകണ്‌ഠേനയായിരുന്നുവെന്ന് നേതാക്കള്‍ അറിയിച്ചു.
ജില്ലാ സമ്മേളന പൊതു ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ നേതാക്കള്‍ക്കെതിരെ പിണറായി വിജയന്‍ രൂക്ഷ വിമര്‍ശനമാണ് ചൊരിഞ്ഞത്. നേതാക്കള്‍ക്ക് സ്തുതി പാടുന്നവരെയല്ല പാര്‍ട്ടിക്ക് അണികളെയാണു വേണ്ടതെന്നും കൂടുതല്‍ പറയിക്കരുതെന്നും നേതാക്കളുടെ പേരെടുത്തു പറയാതെ പിണറായി പറഞ്ഞു. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനം ഉണ്ടായി.
യുവജന സംഘടനകള്‍ അവരുടെ കണക്കുകള്‍ പോലും നല്‍കുന്നില്ലന്ന് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ മറുപടിയില്‍ പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി. ജില്ലയിലെ വിവിധ ഏരിയ കമ്മിറ്റികളില്‍ നിന്ന് പന്ത്രണ്ടായിരം റെഡ് വളണ്ടിയര്‍മാരാണ് പങ്കെടുത്തത് .

RELATED STORIES

Share it
Top