സിപിഎം ജില്ലാ സമ്മേളനം, കൊഴിഞ്ഞുപോക്കും ബിജെപിയുടെ വളര്‍ച്ചയും പ്രധാന ചര്‍ച്ചയാവും

കാസര്‍കോട്്: സിപിഎം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കുമ്പോള്‍ ജില്ലയില്‍ സിപിഐയും സിപിഎമ്മും തമ്മിലുള്ള തര്‍ക്കവും ബിജെപിയുടെ വളര്‍ച്ചയും പ്രധാന ചര്‍ച്ചയാകും. പാര്‍ട്ടി ഗ്രാമങ്ങളില്‍നിന്നും അണികള്‍ കൂട്ടത്തോടെ സിപിഐയില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. പാര്‍ട്ടി ഗ്രാമമായ ബേഡകം ഏരിയയിലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ പി ഗോപാലന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ 200 ഓളം പേര്‍ സിപിഐയില്‍ ചേര്‍ന്നിരുന്നു. മടിക്കൈ, കാഞ്ഞങ്ങാട്, കാസര്‍കോട് ഭാഗങ്ങളില്‍ നിന്നും സിപിഎമ്മില്‍ നിന്നും നേതാക്കളും പ്രവര്‍ത്തകരും സിപിഐയില്‍ ചേര്‍ന്നിട്ടുണ്ട്. പാര്‍ട്ടി വിട്ടവരെ സിപിഐ സ്വീകരിച്ചത് സിപിഎമ്മില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നിലപാടുകളെ പരസ്യമായി സിപിഎം എതിര്‍ത്തിട്ടുണ്ട്. പല ഘട്ടത്തിലും സിപിഐ രാഷ്ട്രീയ ധാര്‍മ്മികത പുലര്‍ത്തിയില്ലെന്ന നിലപാടാണ് സിപിഎം ജില്ലാ കമ്മിറ്റിക്കുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ എല്‍ഡിഎഫ് മൂന്നാംസ്ഥാനത്ത് പിന്തള്ളപ്പെട്ടതും ചര്‍ച്ചയാകും. ഉദുമ മണ്ഡലത്തില്‍ ഉള്‍പ്പെടെ ബിജെപിക്കുണ്ടായ വളര്‍ച്ച സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ചക്ക് വഴിതെളിക്കും.കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശനും നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രഫ. കെ പി ജയരാജനും വ്യക്തിയാധിഷ്ഠിതമായ പ്രചാരണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നുവെന്ന ആരോപണം പാര്‍ട്ടി അണികള്‍ക്കുള്ളിലുണ്ട്. പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ലെന്ന് നേതാക്കള്‍പറയുമ്പോള്‍ പല ലോക്കല്‍ കമ്മിറ്റികളില്‍ നേതാക്കള്‍ തമ്മില്‍ പരസ്പരം മല്‍സരിക്കുന്ന അവസ്ഥപോലും ഉണ്ടായിട്ടുണ്ട്. പാര്‍ട്ടി പോഷക സംഘടനകളുടെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമല്ലെന്ന പരാതി പല ഏരിയാ കമ്മിറ്റികളിലും ഉയര്‍ന്നിരുന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ നടന്ന കൊലപാതകങ്ങള്‍ പോലും തെളിയിക്കാനാവാത്ത പോലിസ് നടപടിയെ കുറിച്ച് സമ്മേളനത്തില്‍ ചര്‍ച്ചയുണ്ടാകും. സംഘപരിവാരം ജില്ലയില്‍ നടത്തുന്ന അക്രമങ്ങളും കൊലപാതകങ്ങളും എല്‍ഡിഎഫ് ഭരിക്കുമ്പോഴും ശക്തമായി തുടരുന്നതും ചര്‍ച്ചക്കിടയാക്കും. പഴയ ചൂരി ജുമാമസ്ജിദിലെ റിയാസ് മൗലവിയുടെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഇത്തരം കൊലപാതകങ്ങള്‍ ജില്ലയിലെ സൈ്വര്യ ജീവനത്തിന് തന്നെ തടസ്സമാകുന്നുണ്ട്. സ്ഥാനമൊഴിയുന്ന ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന് പകരം ആരുവേണമെന്ന കാര്യത്തിലും ഇതുവരെ സമവായമൊന്നും ആയിട്ടില്ല. അതിര്‍ത്തി ഗ്രാമങ്ങളില്‍ പാര്‍ട്ടിക്ക് സാന്നിധ്യമുറപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പാര്‍ട്ടി പ്രവര്‍ത്തനം അതിര്‍ത്തി ഗ്രാമങ്ങളിലും ന്യൂനപക്ഷ വിഭാഗങ്ങളുടെ ഇടയിലും ശക്തമാക്കാനുള്ള കാര്യപരിപാടികളെ കുറിച്ച് വിശദമായി തന്നെ ചര്‍ച്ച ചെയ്യുമെന്നും ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടമായതും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി കരുണാകരന്‍ എംപി ഭൂരിപക്ഷം കുറഞ്ഞതും സമ്മേളന വേദിയില്‍ ഉന്നയിക്കപ്പെടും. നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള അകലം വര്‍ധിക്കുന്നതായി ലോക്കല്‍, ഏരിയാ സമ്മേളനങ്ങളില്‍ ഉയര്‍ന്നുവന്ന പരാതിയും വിശദമായി പരിഗണിക്കപ്പെടും.

RELATED STORIES

Share it
Top