സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ ബോംബേറ്കുറ്റിയാടി: കുറ്റിയാടിയില്‍ സി പിഎം ജില്ലാകമ്മിറ്റി അംഗത്തിന്റെ വീടിനുനേരെ ബോംബേറ്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും കെഎസ്ടിഎ ജില്ലാ സെക്രട്ടറിയുമായ കെ കെ ദിനേശന്‍ മാസ്റ്ററുടെ മീത്തലെ വടയത്തെ വീടിനുനേരെയാണു അജ്ഞാതസംഘം ബോംബെറിഞ്ഞത്. കഴിഞ്ഞദിവസം പുലര്‍ച്ചെ 2.30നാണു സംഭവം. ഉഗ്രസ്‌ഫോടന ശേഷിയുള്ള രണ്ടു സ്റ്റീല്‍ ബോംബുകളാണു വീടിനുനേരെ എറിഞ്ഞത്. മുന്‍വശത്തെ വാതിലും ജനല്‍പാളിയും നിലത്ത് പതിച്ച ടൈലുകളും പാടെ തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാരും സമീപവാസികളും ഓടിയെത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടു. കുറ്റിയാടി പോലിസും ബോംബ് സ്‌ക്വോഡും സംഭവസ്ഥലം സന്ദര്‍ശിച്ചു. ദിനേശന്‍ മാസ്റ്ററെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആര്‍എസ്എസ്സുകാരാണ് ബോംബ് എറിഞ്ഞതെന്ന് സിപിഎം ആരോപിച്ചു. പൊതുവെ സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പി പി ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. കെ പി ചന്ദ്രി, ടി കെ മോഹന്‍ ദാസ്, സി എന്‍ ബാലകൃഷ്ണന്‍, പി സി രവീന്ദ്രന്‍, ഇ കെ നാണു, അരീക്കര അബ്ദുല്‍ അസീസ്, കെ കണാരന്‍, കെ കെ ഗിരീഷ്, കെ വി ഷാജി, വി വി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top