സിപിഎം ജില്ലാ കമ്മിറ്റിയില്‍ മുസ്‌ലിം പ്രാതിനിധ്യം കുറെഞ്ഞന്ന് ആക്ഷേപം

കാസര്‍കോട്: സിപിഎം ജില്ലാ കമ്മിറ്റിയില്‍ മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞത് പാര്‍ട്ടിയിലെ ന്യൂനപക്ഷ വിഭാഗത്തില്‍ ചര്‍ച്ചയാകുന്നു. രണ്ട് തവണ കാസര്‍കോട് ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ചെങ്കള പാണലത്തെ കെ എ മുഹമ്മദ് ഹനീഫയുടെ പേര് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ചില പ്രതിനിധികള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഹനീഫയെ നേതൃത്വം അവസാനം പിന്തിരിപ്പിക്കുകയായിരുന്നു.
ഇത് മറ്റൊരു ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഭാര്യക്ക് സ്ഥാനം നല്‍കാനാണെന്ന് ആരോപണം ഉയര്‍ന്നു. നിലവിലുള്ള ജില്ലാ സെക്രട്ടേറിയറ്റംഗം സി എച്ച് കുഞ്ഞമ്പുവിന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവും സിപിഎം നിയന്ത്രണത്തിലുള്ള കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയുമായ എം സുമതിയേയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഹനീഫയെ തഴഞ്ഞത് കാസര്‍കോട് ഏരിയയില്‍ നിന്ന് സുമതിയെ ജില്ലാ കമ്മിറ്റി അംഗമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കാസര്‍കോട്, മഞ്ചേശ്വരം ഏരിയാ കമ്മിറ്റി സെക്രട്ടറിമാര്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളവരാണ്. എന്നാല്‍ രണ്ട് തവണയായി ഏരിയാ സെക്രട്ടറിമാരായിരുന്ന മറ്റുചിലരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
കാസര്‍കോട്ട് സിപിഎം സമ്മേളനം നടത്തുന്നതിന് രുപീകരിച്ച സംഘാടക സമിതിയുടെ ജനറല്‍ കണ്‍വീനര്‍ കൂടിയാണ് കെ എ മുഹമ്മദ് ഹനീഫ. ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പത്രപ്രതിനിധികള്‍ ജില്ലാ നേതാക്കളോട് ചൂണ്ടിക്കാട്ടിയെങ്കിലും ഏരിയാ സെക്രട്ടറിമാര്‍ ജില്ലാ കമ്മിറ്റിയില്‍ വരുമെന്ന മുടന്തന്‍ന്യായം പറഞ്ഞ് വിവാദം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ന്യൂനപക്ഷ വിഭാഗത്തിനെ തഴഞ്ഞതോടെ ഇപ്പോള്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

RELATED STORIES

Share it
Top