സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് ജില്ലയിലെ ആദ്യ വനിതാ പ്രതിനിധി എലിക്കുളത്തു നിന്ന്

നിസാര്‍ ഇസ്മയില്‍
പൊന്‍കുന്നം: കോട്ടയം ജില്ലയില്‍ നിന്ന് ആദ്യമായി സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് ഒരു വനിതാ പ്രതിനിധിയെ തിരഞ്ഞെടുത്ത സന്തോഷത്തിലാണ് ജില്ലയും എലിക്കുളം ഗ്രാമവും.എലിക്കുളം സ്വദേശിയും ഡല്‍ഹിയില്‍ സ്ഥിരതാമസവുമാക്കിയ എ ആര്‍ സിന്ധുവാണ് പുതിയതായി കേന്ദ്ര കമ്മിറ്റിയില്‍ ഇടം നേടിയത് .ഇതോടെ കോട്ടയം ജില്ലയില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ എണ്ണം രണ്ടായി.
സിന്ധുവിനെ കൂടാതെ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എല്‍ഡിഎഫ് കണ്‍വീനറുമായ വൈക്കം വിശ്വനാണ് മറ്റൊരംഗം. സിന്ധു കൂടി എത്തിയതോടെ കേരളത്തില്‍ നിന്നുള്ള വനിത അംഗങ്ങളുടെ എണ്ണം നാലായി. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ,പി കെ ശ്രീമതി എംപി,സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം ടി ജോസഫൈന്‍ എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. ഇവര്‍ കേരളത്തില്‍ നിന്നും കേന്ദ്ര കമ്മിറ്റിയില്‍ എത്തിയപ്പോള്‍ ഡല്‍ഹി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് സിന്ധുവിനെ തേടി സിസി അംഗത്വം എത്തിയത്. കുട്ടികാലം മുതല്‍ പുരോഗമന ആശയത്തില്‍ ആകൃഷ്ടയായിരുന്ന സിന്ധു വാഴൂര്‍ എസ്‌വിആര്‍വി എന്‍എസ്എസില്‍ പഠിക്കുമ്പോള്‍ എസ്എഫ്‌ഐ യിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്.
വാഴൂര്‍ കോളജ് യൂനിയന്‍ വൈസ് ചെയര്‍മാന്‍, എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സിന്ധു ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത് എസ്എഫ്‌ഐ സംസ്ഥാന നേതാവും പിന്നീട് സുല്‍ത്താന്‍ ബത്തേരി എംഎല്‍എയുമായിരുന്ന പി കൃഷ്ണപ്രസാദിനെയാണ്. പിന്നിട് വാഴൂര്‍ ഗവ. പ്രസില്‍ ജോലി ലഭിക്കുകയും ഈ സമയം  വര്‍ക്കിങ് വിമന്‍സ് കോഡിനേഷന്‍ കമ്മിറ്റി അംഗവുമായിരുന്ന സിന്ധുവിന്റെ സംഘാടന മികവ് കണ്ട് പാര്‍ട്ടി ജോലി രാജി വെച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകയാകാന്‍ നിര്‍ദേശിച്ചു.
ഇതിനെ തുടര്‍ന്ന് സിന്ധു തന്റെ പ്രവര്‍ത്തന മേഖല ഡല്‍ഹിയിലേക്ക് വ്യാപിപ്പിക്കുകയും വൃന്ദാ കാരാട്ടിനൊപ്പം നിരവധി സമരങ്ങളില്‍ നേതൃത്വപരമായ പങ്കും വഹിക്കെയാണ് സിസി പദവി സിന്ധുവിനെ തേടിയെത്തുന്നത്. എലിക്കുളം ആളുറുമ്പില്‍ പരേതനായ രാമകൃഷ്ണന്‍ നായര്‍ ആനന്ദവല്ലി അമ്മ ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയ ആളാണ് സിന്ധു . പ്രശസ്ത കവി പി മധുവിന്റെ ഭാര്യ മിനി സഹോദരിയും പത്രപ്രവര്‍ത്തകനായ സാബു സഹോദരനുമാണ്.

RELATED STORIES

Share it
Top