സിപിഎം കരട് രാഷ്ട്രീയപ്രമേയം മുഴുവന്‍ ഘടകങ്ങളിലും ചര്‍ച്ചയ്ക്ക് വിധേയമാക്കും

കോട്ടയം: ഏപ്രിലില്‍ ഹൈദരാബാദില്‍ നടക്കുന്ന 22ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം ബ്രാഞ്ച് മുതല്‍ സംസ്ഥാനതലം വരെയുള്ള പാര്‍ട്ടിയിലെ മുഴുവന്‍ ഘടകങ്ങളിലും ചര്‍ച്ചയ്ക്കു വിധേയമാക്കും. പോളിറ്റ് ബ്യൂറോയില്‍ ചര്‍ച്ച നടത്തി രൂപം നല്‍കിയ കരട് പ്രമേയത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ കേന്ദ്ര കമ്മിറ്റി നിര്‍ദേശിച്ചിരിക്കുകയാണ്. ഇതനുസരിച്ചുള്ള കരടുരേഖ പിബി തയ്യാറാക്കിവരികയാണ്. അടുത്ത കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിക്കുന്ന രേഖ ജനുവരി അവസാനം എല്ലാ ഭാഷകളിലും പ്രസിദ്ധീകരിക്കും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരിക്കും പാര്‍ട്ടി ഘടകങ്ങളില്‍ രാഷ്ട്രീയപ്രമേയത്തിന്‍മേല്‍ ചര്‍ച്ച നടക്കുക. എല്ലാ ഘടകങ്ങള്‍ക്കും പ്രമേയത്തില്‍ ഭേദഗതികള്‍ നിര്‍ദേശിക്കാം. പാര്‍ട്ടി ഘടകങ്ങള്‍ക്കു ഭേദഗതികള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍ അംഗത്തിനു കേന്ദ്ര കമ്മിറ്റിയെ നേരിട്ട് സമീപിക്കാന്‍ അവകാശമുണ്ടാവും. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഭേദഗതികളും പരിഗണിച്ചായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കരടു രാഷ്ട്രീയപ്രമേയം അവതരിപ്പിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കും പ്രമേയത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ കഴിയും. പ്രമേയം വരുന്നതോടുകൂടി പാര്‍ട്ടിക്കുള്ളില്‍ വിശദമായ രാഷ്ട്രീയ ചര്‍ച്ചയ്ക്കുള്ള അവസരമാണ് ലഭിക്കുന്നതെന്ന് സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. എല്ലാ പാര്‍ട്ടി അംഗങ്ങളുടെയും രാഷ്ട്രീയം അറിഞ്ഞുകൊണ്ട് നയപരമായ തീരുമാനം കൈക്കൊള്ളുകയാണ് ചെയ്യുന്നത്. താനുംകൂടി അംഗീകരിച്ച നയമാണ് പാര്‍ട്ടി നടപ്പാക്കിയതെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാവും. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുന്ന രാഷ്ട്രീയ നയം ഇന്ത്യയുടെ രാഷ്ട്രീയഭാവി രൂപപ്പെടുത്താന്‍ കഴിയുന്നതാവുമെന്നും കോടിയേരി പറഞ്ഞു. എല്‍ഡിഎഫിന്റെ ബഹുജന അടിത്തറ കൂടുതല്‍ വിപുലീകരിക്കണം. സിപിഎമ്മിന്റെ ശക്തി വര്‍ധിപ്പിച്ചെങ്കില്‍ മാത്രമേ അടിത്തറ വികസിപ്പിക്കാന്‍ കഴിയൂ. സിപിഎമ്മിന്റെ ശക്തിയെ ആശ്രയിച്ചാണ് എല്‍ഡിഎഫ് മുന്നോട്ടുപോവുന്നത്. അതുകൊണ്ടുതന്നെ ബ്രാഞ്ച് തലം മുതല്‍ ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരണം. ശത്രുപക്ഷമാണെങ്കിലും ക്ഷമയോടെ അവരെ സമീപിച്ച് കൂടെ കൂട്ടാന്‍ കഴിയണം. എല്‍ഡിഎഫിന് അനുകൂലമായ ജനപിന്തുണ കൈവരിക്കാനുള്ള പ്രവര്‍ത്തനശൈലി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തണമെന്നും കോടിയേരി നിര്‍ദേശിച്ചു.

RELATED STORIES

Share it
Top