സിപിഎം കടുത്ത സമ്മര്‍ദത്തില്‍

സമദ് പാമ്പുരുത്തി

കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ നീക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പെടെ ആറു പേര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയതോടെ സിപിഎം കടുത്ത സമ്മര്‍ദത്തിലായി. ഇനി ഡിവിഷന്‍ ബെഞ്ചിലാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഒറ്റവരി പ്രസ്താവന ജില്ലാ കമ്മിറ്റി പുറത്തിറക്കി.
രണ്ടാം ഘട്ടത്തില്‍ പ്രതിചേര്‍ത്ത 20 മുതല്‍ 26 വരെയുള്ള പ്രതികള്‍ക്കെതിരേ 2017 ആഗസ്ത് 31നാണ് ദേശവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ (യുഎപിഎ) 19ാം വകുപ്പ് ചുമത്തി എറണാകുളം സിബിഐ കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 25ാം പ്രതിയാണ് പി ജയരാജന്‍. എന്നാല്‍, അന്ന് പാളിച്ചകള്‍ ചൂണ്ടിക്കാട്ടി പ്രതിഭാഗം ഹരജി നല്‍കിയതിനെ തുടര്‍ന്ന് കുറ്റപത്രം സ്വീകരിക്കുന്നതു വൈകി. തുടര്‍ന്ന് സപ്തംബര്‍ 19നു കുറ്റപത്രം സ്വീകരിച്ചു.
2017 ജനുവരിയിലാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ സിബിഐ പ്രഥമ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍, മുഖ്യ ആസൂത്രകന്‍ ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ല. പിന്നീട് അനുബന്ധ കുറ്റപത്രത്തില്‍ അരുംകൊലയ്ക്ക് കൂട്ടുനിന്നു, ക്രിമിനല്‍ ഗൂഢാലോചന, യുഎപിഎ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. മനോജിനോടുള്ള വ്യക്തിവൈരാഗ്യവും രാഷ്ട്രീയവിരോധവുമാണ് കൊല ആസൂത്രണം ചെയ്യാന്‍ സിപിഎം ജില്ലാ സെക്രട്ടറിയെ പ്രേരിപ്പിച്ചതെന്നാണ് കുറ്റപത്രത്തിലെ ഗുരുതര ആരോപണം.
കേസ് സിബിഐക്കു വിടാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തിരുന്നു. അന്വേഷണം സിബിഐക്ക് കൈമാറുമെന്ന് മനോജിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും വ്യക്തമാക്കി. തുടര്‍ന്ന് 2014 ഒക്ടോബര്‍ 28ന് കേസ് സിബിഐ ഏറ്റെടുത്തു.
എംഎസ്എഫ് പ്രവര്‍ത്തകന്‍ തളിപ്പറമ്പിലെ അരിയില്‍ ഷുക്കൂര്‍ വധക്കേസിലും 38ാം പ്രതിയാണ് ജയരാജന്‍. ഈ കേസില്‍ അദ്ദേഹം 2012 ആഗസ്ത് ഒന്നിന് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് 27 ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയേണ്ടിവന്നു.
ജയരാജനും ടി വി രാജേഷ് എംഎല്‍എക്കുമെതിരേ സിബിഐ നടത്തിയ അന്വേഷണം ഹൈക്കോടതി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍, പിന്നീട് അന്വേഷണം പുനരാരംഭിക്കാന്‍ ഡിവിഷന്‍ ബെഞ്ച് സിബിഐക്ക് അനുമതി നല്‍കി.
X

RELATED STORIES

Share it
Top