സിപിഎം ഊരുവിലക്ക് ; പോലിസ് കാവലുണ്ടായിട്ടും കയ്യൂര്‍ സമരസേനാനിയുടെ മകള്‍ക്ക് പാര്‍ട്ടിഗ്രാമത്തില്‍ നിന്ന് തേങ്ങ പറിക്കാനായില്ല

നീലേശ്വരം: പോലിസ് കാവല്‍ ഉണ്ടായിട്ടും പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും കയ്യൂര്‍ സമരസേനാനിയുടെ മകള്‍ക്ക് സ്വന്തം ഭൂമിയിലെ തെങ്ങില്‍ നിന്നും തേങ്ങ പറിക്കാനായില്ല.സിപിഎം പ്രാദേശിക നേതാക്കള്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തിയ നീലേശ്വരം പാലായിയിലെപരേതനായ ടി രാഘവന്‍ മാസ്റ്ററുടെ ഭാര്യ എം കെ രാധാമണിക്കാണ് പാര്‍ട്ടിയില്‍ നിന്നും നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ തുടരുന്നത്. പാര്‍ട്ടി ഊരുവിലക്ക് കാരണം നാട്ടിലെ തെങ്ങു കയറ്റ തൊഴിലാളികള്‍ രാധയുടെ പറമ്പില്‍ തേങ്ങ ഇടാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ അങ്കണവാടി വര്‍ക്കര്‍കൂടിയായ രാധ കരിവെള്ളൂരിലെ മകളുടെ വീടിനടുത്തുനിന്നുമാണ് തെങ്ങുകയറ്റ തൊഴിലാളികളുമായി പാലായില്‍ എത്തിയത്.വരുമ്പോള്‍ നീലേശ്വരം പോലിസ് സ്‌റ്റേഷനില്‍ ചെന്ന് രാധയും മകളും വിവരം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇവര്‍ക്കൊപ്പം പാലായിയില്‍ എത്തിയിരുന്നു.മൂന്ന് തെങ്ങില്‍ നിന്നും തേങ്ങ ഇട്ടിരുന്നു. രാധ കരിവെള്ളൂരില്‍ നിന്നും തെങ്ങുകയറ്റ തൊഴിലാളികളുമായി എത്തി തേങ്ങ ഇടുന്ന വിവരം അറിഞ്ഞു സംഘടിച്ചെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത് തടയുകയായിരുന്നു.പിന്നീട് സിഐ സ്ഥലത്തെത്തിയെങ്കിലും നാട്ടിലുള്ള തൊഴിലാളികള്‍ തേങ്ങ പറിച്ചാല്‍ മതിയെന്നും അല്ലാത്തവര്‍ തെങ്ങില്‍ കയറേണ്ട എന്നുമുള്ള നിലപാടില്‍ സംഘടിച്ചെത്തിയവര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.സിഐ, എസ്‌ഐ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സംഘം പ്രശനമുണ്ടാക്കിയവരുമായി ചര്‍ച്ചനടത്തിയെങ്കിലും ഫലമുണ്ടായില്ല. നീലേശ്വരം പാലായിയിലെ ഷട്ടര്‍ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡിന് വീതികൂട്ടാന്‍ കോടതിവിലക്ക് വകവെക്കാതെ രാധയുടെ പറമ്പിലെ തെങ്ങും കവുങ്ങും മറ്റും മുറിച്ചുമാറ്റിയതിനെ ച്ചൊല്ലിയുള്ള പ്രശ്‌നങ്ങളാണ് സ്വന്തം നാട്ടില്‍ നിന്നും കയ്യൂര്‍ സമര സേനാനിയുടെ മകള്‍ക്ക് തുടരെ തുടരെ പീഡനങ്ങള്‍ ഉണ്ടാവുന്നത്.കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സംഘടിച്ചെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ രാധയെ വീട്ടില്‍ നിന്ന് ഇറക്കി വിടുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തത്.വീട്ടില്‍ കയറാന്‍ കഴിയാത്തതിനാല്‍ ഇപ്പോള്‍ വെള്ളച്ചാലിലെ മകളുടെ വീട്ടിലാണ് രാധ താമസം. മനുഷ്യവകാശ കമ്മീഷനും വനിതാ കമ്മീഷനും അടക്കമുള്ളവര്‍ക്ക് രാധ പരാതി നല്‍കിയിരുന്നു. കയ്യൂര്‍ സമര സേനാനി എലച്ചി കണ്ണന്റെ പൗത്രിയും കയ്യൂര്‍സമരത്തില്‍ എംഎസ്പികാരുടെ ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങിയിട്ടും സാതന്ത്രസമരപെന്‍ഷന്‍ വേണ്ടെന്ന് പ്രഖ്യാപിച്ച പി പി കുമാരന്റെ മകളാണ് രാധ.

RELATED STORIES

Share it
Top