സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്ന രാമന്തളിയില്‍ ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെടുത്തു

പയ്യന്നൂര്‍: സിപിഎം-ആര്‍എസ്എസ് സംഘര്‍ഷ ബാധിത പ്രദേശമായ രാമന്തളിയിലെ കക്കംപാറ ചിറ്റടിയില്‍ നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ചിറ്റടിയിലെ ആളൊഴിഞ്ഞ പറമ്പില്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു ബോംബുകള്‍. ഇന്നലെ രാവിലെ മുതല്‍ പയ്യന്നൂര്‍ സിഐ കെ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പോലിസും എസ്‌ഐ ടി വി ശശിധരന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് സംയുക്തമായി നടത്തിയ റെയ്ഡിലാണ് ബോംബുകള്‍ കണ്ടെത്തിയത്.ഉഗ്രശേഷിയുള്ള ബോംബുകളാണ് കണ്ടെടുത്തത്. രണ്ട് ബോംബുകളും സംഭവസ്ഥലത്ത് വച്ച് തന്നെ നിര്‍വീര്യമാക്കി. ബുധനാഴ്ച രാത്രി പ്രദേശത്ത് നിന്നു സ്‌ഫോടനശബ്ദം കേട്ടിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ബോംബ് സ്‌ക്വാഡും പോലിസും പരിശോധന നടത്തിയത്. ബോംബ് സ്‌ക്വാഡ് എസ്‌ഐ ശശിധരന്‍, സ്‌ക്വാഡംഗങ്ങളായ പി പി ശിവദാസന്‍, സി പി ബിനീഷ്, ദിനേശ് എന്നിവരും പയ്യന്നൂര്‍ എസ്‌ഐ നിജീഷ്, എഎസ്‌ഐ ഗിരീഷ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ രാജേഷ് എന്നിവരും റെയ്ഡ് സംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top