സിപിഎം,ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകം:കണ്ണൂരിലും മാഹിയിലും ഹര്‍ത്താല്‍ പുരോഗമിക്കുന്നു

കണ്ണൂര്‍: മാഹിയില്‍ സിപിഎം,ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇരുപാര്‍ട്ടികളും കണ്ണൂരിലും മാഹിയിലും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് ഇരു പാര്‍ട്ടികളും അറിയിച്ചിരുന്നെങ്കിലും വിവിധ സ്ഥലങ്ങളില്‍ ഇരുപാര്‍ട്ടികളുടേയും പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഹര്‍ത്താലിനെത്തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.മാഹിയില്‍ സിപിഎം നേതാവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലാണ് ഇന്നലെ രാത്രി വെട്ടേറ്റ് കൊല്ലപ്പെട്ടത്. ഇതിന് തൊട്ടുപിന്നാലെ മാഹി മലയാളം കലാഗ്രാമത്തിന് സമീപത്തുവച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷനേജും വെട്ടേറ്റ് കൊല്ലപ്പെടുകയായിരുന്നു.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മാഹി, തലശ്ശേരിക്കു സമീപം മടപീടിക എന്നിവിടങ്ങളില്‍ വന്‍ പോലീസ് സന്നാഹമാണ് കാംപ് ചെയ്യുന്നത്. മാഹിയുടെ സമീപപ്രദേശങ്ങളായ ചൊക്ലി, പള്ളൂര്‍, ന്യൂമാഹി പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. എ.ആര്‍. ക്യാമ്പിലെ ഒരു കമ്പനി പോലീസിനെ ഈ മേഖലയിലേക്ക് നിയോഗിച്ചു. സംഘര്‍ഷം പടരാതിരിക്കാന്‍ സിഐ വി.വി. ബെന്നിയുടെ നേതൃത്വത്തില്‍ പട്രോളിങ് ശക്തമാക്കി.

RELATED STORIES

Share it
Top