സിന്ധു സെമിയില്‍, പ്രണോയ് ക്വാര്‍ട്ടറില്‍, ശ്രീകാന്ത് പുറത്ത്ലണ്ടന്‍:  ഓള്‍ ഇംഗ്ലണ്ട് സിംഗിള്‍സ് കിരീടം സ്വന്തമാക്കാനുറച്ച് ലണ്ടനിലെ ബാഡ്മിന്റണ്‍ കോര്‍ട്ടിലിറങ്ങിയ ഇന്ത്യയുടെ സൂപ്പര്‍ താരം കിഡംബി ശ്രീകാന്തിന് പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ തോല്‍വി പിണഞ്ഞപ്പോള്‍  വനിതാ സൂപ്പര്‍ താരം പിവി സിന്ധു സെമിയിലേക്കും എച്ച് എസ് പ്രണോയ് ക്വാര്‍ട്ടറിലേക്കും കുതിച്ചു. ലോക ആറാം നമ്പര്‍ താരം ജപ്പാന്റെ നൊസോമി ഒകുഹാരയില്‍ നിന്ന് കടുത്തപോരാട്ടം നേരിട്ട മൂന്നാം നമ്പര്‍ താരമായ സിന്ധു ജീവന്‍മരണപ്പോരാട്ടത്തിലൂടെയാണ് സെമിയില്‍ സീറ്റുറപ്പിച്ചത്. സ്‌കോര്‍ 20 -22, 21 -18, 21-18. ഇന്നലെ പുതിയ ബാഡ്മിന്റണ്‍ റാങ്കിങില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയ ശ്രീകാന്തിനെ റാങ്കിങില്‍ താരത്തെക്കാള്‍ വളരെ പിറകിലുള്ള ചൈനയുടെ യുക്‌സിയാന്‍ ഹുവാനാണ് തളച്ചത്. സ്‌കോര്‍ 21 -11,15 -21, 22-20. ആദ്യ സെറ്റ് 11-21ന് കൈവിട്ട ലോക രണ്ടാം നമ്പര്‍ താരം രണ്ടാം സെറ്റ് 21 -15ന് സ്വന്തമാക്കി. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റ് പോരാട്ടത്തില്‍ ശ്രീകാന്തിനൊപ്പം മുന്നേറിയ ലോക 42ാം നമ്പര്‍ താരം അവസാന നിമിഷങ്ങളില്‍ ശ്രീകാന്തിനെ നിഷ്പ്രഭമാക്കിയപ്പോള്‍ 22-20ന് സെറ്റ് സ്വന്തമാക്കി ശ്രീകാന്തിന്റെ കിരീടപ്രതീക്ഷകള്‍ക്ക് വിരാമമിട്ടു.മലയാളിയും ലോക 16ാം നമ്പര്‍ താരവുമായ എച്ച് എസ് പ്രണോയ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.  ഇന്നലെ ലോക 33ാം നമ്പര്‍ താരം ഇന്തോനീസ്യയുടെ ടോമി സുഗ്യാര്‍ട്ടോയെ കീഴ്‌പ്പെടുത്തിയാണ് പ്രണോയ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. സ്‌കോര്‍ 21-10,21-19. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ പ്രണോയിക്കെതിരേ രണ്ടാം സെറ്റില്‍ എതിരാളി ഉണര്‍ന്ന് കളിച്ചെങ്കിലും പിടിവിടാതെ മുന്നേറിയ പ്രണോയ് അവസാന നിമിഷങ്ങളില്‍ കടുത്ത പോരാട്ടത്തിലൂടെ  ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിക്കുകയായിരുന്നു. പ്രീക്വാര്‍ട്ടറില്‍ ശ്രീകാന്തിനെ പരാജയപ്പെടുത്തിയ ഹ്യോങ് ചങാണ് ക്വാര്‍ട്ടറില്‍ പ്രണോയിയുടെ എതിരാളി.

RELATED STORIES

Share it
Top