സിന്ധു നദീജല കമ്മീഷന്‍ സമ്മേളനം വ്യാഴാഴ്ച തുടങ്ങും

ന്യൂഡല്‍ഹി: വ്യാഴാഴ്ച തുടങ്ങുന്ന സ്ഥിരം സിന്ധു നദീജല കമ്മീഷന്റെ ദിദ്വിന സമ്മേളനത്തില്‍ സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യയും പാകിസ്താനും ചര്‍ച്ച ചെയ്യും. സിന്ധു നദീജല ഉടമ്പടി അനുസരിച്ച് വര്‍ഷത്തില്‍ ഒരുതവണയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സിന്ധു കമ്മീഷന്റെ 114ാമത് സമ്മേളനമാണ് വ്യാഴാഴ്ച ആരംഭിക്കുന്നത്.
ഇന്ത്യയെ പ്രതിനിധീകരിച്ച് സിന്ധുജല കമ്മീഷന്‍ പി കെ സക്‌സേനയും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും പങ്കെടുക്കും. ആറംഗ പാകിസ്താന്‍ സംഘത്തെ സയ്യിദ് മുഹമ്മദ് മേഹര്‍ അലി ഷാ നയിക്കും. ഒട്ടേറെ വിഷയങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ച. ജമ്മു-കശ്മീരിലെ റാറ്റില്‍ ജലവൈദ്യുത പദ്ധതി, പകുല്‍, ലോവര്‍ കല്‍നായ് പദ്ധതികള്‍ എന്നിവ സമ്മേളനത്തില്‍ ചര്‍ച്ചാവിഷയമായേക്കും.
ഈ പദ്ധതികള്‍ 1960ല്‍ ഒപ്പുവച്ച കരാറിന്റെ ലംഘനമാണെന്നാണ് പാകിസ്താന്റെ വാദം. എന്നാല്‍, കരാര്‍ അനുസരിച്ചാണ് പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 20, 21 തിയ്യതികളിലായി ഇസ്‌ലാമാബാദിലായിരുന്നു അവസാന സമ്മേളനം നടന്നത്.

RELATED STORIES

Share it
Top